തിരുവനന്തപുരം:ബലാത്സംഗക്കേസിൽ ഒളിവിൽക്കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. മുൻകൂർ ജാമ്യഹർജി പരിഗണിക്കും മുൻപേ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം.
അതേസമയം, അതിജീവിതയുടെ വൈദ്യ പരിശോധന പൂർത്തിയായി. രഹസ്യമൊഴിക്ക് പിന്നാലെയായിരുന്നു നടപടി. യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. ഇന്ന് മൊഴിയെടുക്കാനാണ് പൊലീസ് നീക്കം. യുവതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കയക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ കൂടുതൽ നടപടി വേണ്ടെന്ന തീരുമാനത്തിൽ തന്നെയാണ് കോൺഗ്രസ് നേതൃത്വം. എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടില്ലെന്നും കേസിൻ്റെ ഗതി അറിഞ്ഞ ശേഷം മാത്രം തുടർനടപടികൾ എടുക്കാനാണ് നീക്കമെന്നുമുള്ള സൂചനയാണ് പുറത്തുവരുന്നത്. അതോടൊപ്പം സ്വർണക്കൊള്ള ഉയർത്തിയുള്ള പ്രതിരോധം തുടരാനുള്ള നിർദേശമാണ് നേതാക്കൾ നൽകിയിട്ടുള്ളത്.