തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും രാഹുലിനോട് പാർട്ടി രാജി ആവശ്യപ്പെടുകയില്ലെന്നും റിപ്പോർട്ട്. പകരം രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും ഒഴിവാക്കുമെന്നും ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തു. ആറ് വർഷത്തേക്കാണ് സസ്പെൻഷൻ. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ഇതോടെ നിയമസഭാ കാര്യങ്ങളിലൊന്നും പാർട്ടിയെ പ്രതിനിധീകരിച്ച് രാഹുലിന് പങ്കെടുക്കാൻ കഴിയില്ല. സ്വതന്ത്ര എംഎൽഎ എന്ന നിലയ്ക്കാകും ഇനി രാഹുലിന് പ്രവർത്തിക്കാൻ കഴിയുക. കൂടാതെ അടുത്ത തെരഞ്ഞെടുപ്പിൽ രാഹുലിന് സീറ്റ് നൽകാതിരിക്കാനും തീരുമാനമായിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ പാർട്ടി വലിയ പ്രതിരോധത്തിലായിരുന്നു. കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കൾക്കെതിരെ ഉയർന്നത്. ഇതോടെ രാജി ആവശ്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നായിരുന്നു സതീശന്റെ നിലപാട്. എന്നാൽ പാർട്ടിക്ക് ദോഷമാണെങ്കിൽ മാത്രം രാജി മതിയെന്നാണ് വർക്കിങ് പ്രസിഡന്റുമാരിൽ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.
രാഹുലിനെതിരായ ലൈെംഗികാരോപണ വിവാദത്തിൽ മുസ്ലീം ലീഗും കടുത്ത അതൃപ്തി അറിയിച്ചിരുന്നു. വിവാദം അവസാനിപ്പിച്ചില്ലെങ്കിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാകുമെന്നായിരുന്നു ലീഗിൻ്റെ വിലയിരുത്തൽ. കെ.സി. വേണുഗോപാലിനെ പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും നേരിട്ട് കണ്ടാണ് ആശങ്കയറിയിച്ചത്.