പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും പൊതുപരിപാടിയിൽ പങ്കെടുക്കും. യുഡിഎഫ് ഭരിക്കുന്ന പിരായിരി പഞ്ചായത്തിലെ പൂഴിക്കുന്നം കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനത്തിനാണ് രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നത്. രാഹുൽ എത്തുന്നതിന് ആശംസ അറിയിച്ച് ആറാം വാർഡ് മുസ്ലീം ലീഗ് കമ്മറ്റി പ്രദേശത്ത് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.
പരിപാടിയിൽ പങ്കെടുക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയാൽ പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയുണ്ട്. രാഹുൽ പരസ്യമായി പൊതുപരിപാടികളിൽ പങ്കെടുത്താൽ പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്ഐയും ബിജെപിയും നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസവും ജില്ലയിലെ പൊതുപരിപാടികളിൽ രാഹുൽ പങ്കെടുത്തിരുന്നു. പാലക്കാട് നഗരസഭയിലെ 36ാം വാർഡിലെ കുടുംബശ്രീ വാർഷിക പരിപാടിയിലാണ് അവസാനമായി പങ്കെടുത്തത്. നേരത്തെ പുതുതായി തുടങ്ങിയ പാലക്കാട്-ബെംഗളൂരു കെഎസ്ആർടിസി എ.സി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യാനും രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിരുന്നു. ലൈംഗിക ആരോപണ വിവാദങ്ങൾക്ക് ശേഷം രാഹുൽ പങ്കെടുത്ത് ആദ്യ സർക്കാർ പരിപാടി കൂടിയായിരുന്നു അത്.