എറണാകുളം: പെൺകുട്ടിയുടെ പരാതി നാടകം എന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ അഡ്വ. ജോർജ് പൂന്തോട്ടം. പരാതി പുറത്തുവന്ന സമയം അസ്വാഭാവികമാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്താൽ ഉടനടി നടപടികൾ ഉണ്ടാകും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ ആണോ, ജില്ലാ കോടതിയിൽ ആണോ നൽകുക എന്നത് പിന്നീട് തീരുമാനിക്കും എന്നും അഡ്വ. ജോർജ് പൂന്തോട്ടം പറഞ്ഞു.
നേരത്തെ സോളാർ കേസിൽ ആണ് ഇങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്. ഇതും അതുപോലെയാണ്. കേസിൽ ഉടനീളം ചില ഗൂഢാലോചനകൾ ഉണ്ട്. ഏത് കാലത്തുള്ള സംഭവം ആണ്? ഇതുവരെ ഇല്ലാത്ത പരാതി ഇപ്പോൾ വരുന്നത് താൽപര്യത്തിൻ്റെ പേരിലാണ്. 101 ശതമാനം താൽപര്യം മാത്രമേ ഉള്ളൂ. പരാതി പുറത്തുവന്ന സമയം ആണ് അസ്വാഭാവികമെന്നും അഡ്വ. ജോർജ് പൂന്തോട്ടം പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി മൂന്ന് മാസം ആയിട്ടും എവിടെയും എത്തിയില്ലലോയെന്നും അഡ്വ. ജോർജ് പൂന്തോട്ടം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ്റെ വിശ്വാസ്യതയിൽ സംശയമുണ്ട്. ശബരിമല വിഷയം ഉൾപ്പടെ സർക്കാരിനെ പ്രതിസന്ധിയിലാക്കി. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു. ജനശ്രദ്ധ നേടാൻ മസാല വേണം. അതിനു വേണ്ടി നടക്കുന്ന നീക്കമാണിതെന്നും അഡ്വ. ജോർജ് പൂന്തോട്ടം പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. രാഹുല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രതിഷേധം തുടരുകയാണ്. രാഹുലിന്റെ പാലക്കാട് എംഎല്‍എ ഓഫീസിലേക്കാണ് പ്രതിഷേധ മാര്‍ച്ച്. ഓഫീസ് പരിസരത്ത് വന്‍ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.