എറണാകുളം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. അഡ്വ. എസ്. രാജീവാണ് രാഹുലിൻ്റെ അഭിഭാഷകൻ. ജസ്റ്റിസ് കെ. ബാബുവിൻ്റെ ബഞ്ചായിരിക്കും രാഹുലിൻ്റെ കേസ് പരിഗണിക്കുക.
അതേസമയം, ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയാൻ രാഹുൽ മാങ്കൂട്ടത്തിലിന് സഹായം നൽകിയത് കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാവെന്ന് പൊലീസ്. യൂത്ത് കോൺഗ്രസ് നേതാവ് താമസ സൗകര്യവും, മറ്റ് സഹായങ്ങളും എത്തിച്ചത് പ്രദേശിക നേതാക്കളുടെ സഹായത്തോടെയെന്നും പൊലീസ് കണ്ടെത്തി.
രാഹുലിന് വേണ്ടിയുള്ള തെരച്ചിൽ ഒൻപതാം ദിനത്തിലേക്ക് കടന്നിരിക്കവെയാണ് സഹായിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരിക്കുന്നത്. 3000 ഏക്കർ വരുന്ന റിസോർട്ടിലായിരുന്നു രാഹുലിൻ്റെ താമസം. വളരെ സെൻസിറ്റിവായ സ്ഥലമായതിനാൽ പൊലീസ് ഇടപെടലിന് പരിമിതി ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ തുടരുകയാണ് എസ്ഐടി. രാഹുൽ സംസ്ഥാനത്ത് എത്തിയെന്ന നിഗമനത്തിൽ പൊലീസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. പാലക്കാട്, കാസർകോട്, കണ്ണൂർ വയനാട് തുടങ്ങിയ അതിർത്തി ജില്ലകളിൽ അന്വേഷണ സംഘം പഴുതടച്ച പരിശോധന നടത്തുകയാണ്.