
തിരുവനന്തപുരം: ആരോപണങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തന്റെ നിലപാട് ദേശീയ നേതൃത്വത്തെ വി.ഡി. സതീശന്‍ അറിയിച്ചുവെന്നാണ് സൂചന.
ഗുരുതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഗൗരവം സതീശന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചു. ഇതിനിടയില്‍ ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ നിന്നും കെ.സി. വേണുഗോപാല്‍ അടിയന്തരമായി ഡല്‍ഹിയില്‍ തിരിച്ചെത്തി. വി.ഡി. സതീശനുമായും കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫുമായും വേണുഗോപാല്‍ ഫോണില്‍ ചര്‍ച്ച നടത്തി. അപ്പോഴും രാഹുല്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ സതീശന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഒറ്റപ്പെട്ടതോ വ്യക്തിപരമോ ആയതല്ലെന്ന വിലയിരുത്തലിലാണ് മുതിര്‍ന്ന നേതാക്കള്‍. നേരത്തേ, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ പോലെയല്ല നിലവിലെ സാഹചര്യം. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കലും വധഭീഷണി ഉയര്‍ത്തുന്നതുമടക്കമുള്ള ഗുരുതര ആരോപണങ്ങളും തെളിവുകളുമാണ് രാഹുലിന്റെ വിഷയത്തില്‍ പുറത്തുവന്നിരിക്കുന്നത്. അതിനാല്‍ തന്നെ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
നേരത്തേ, ടി.എന്‍. പ്രതാപനും രാഹുലിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമാണ്. അത് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏത് പ്രസ്ഥാനത്തിലായാലും പൊതു പ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃകയാകേണ്ടവരാണ്. രാഷ്ട്രീയ നേതാക്കളുടെ സ്വഭാവശുദ്ധി ജനങ്ങള്‍ വിലയിരുത്തും, വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തനത്തിലും അവര്‍ കളങ്കരഹിതരാകണമെന്നും ടി.എന്‍. പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.