
കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ വിമർശനവുമായി രാജൻ ഗുരുക്കൾ. സർവകലാശാലയുടെ നിയമവും സ്റ്റാറ്റ്യൂട്ടും സിൻഡിക്കേറ്റ് അവഗണിച്ചു. സിൻഡിക്കേറ്റിനെയും വൈസ് ചാൻസലറെയും വ്യത്യസ്ത സ്ഥാപനങ്ങളായി കണ്ടു. വിസിയുടെ അഭാവത്തിൽ സിൻഡിക്കേറ്റിന് തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലെന്നും രാജൻ ഗുരുക്കൾ പറഞ്ഞു
വിസി സസ്പെൻഡ് ചെയ്ത ആളെ സിൻഡിക്കേറ്റ് തിരിച്ചെടുത്തത് നിയമപരമായ അജ്ഞത കാരണമാണ്. വിസിയാണ് സർവകലാശാലയുടെ ഏക ചീഫ് എക്സിക്യൂട്ടീവും അക്കാദമിക് മേധാവിയും. കൂട്ടായ തീരുമാനത്തിനപ്പറുത്ത് സിൻഡിക്കേറ്റിന് വ്യക്തിഗത അധികാരമില്ലെന്നും ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ രാജൻ ഗുരുക്കൾ വിമർശിച്ചു. എംജി സർവകലാശാല മുൻ വിസിയും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമാണ് രാജൻ ഗുരുക്കൾ.
അതേസമയം, സർവകലാശാലകളിലെ ഭരണപ്രതിസന്ധി ചർച്ച ചെയ്യാൻ ഗവർണറുമായി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറിലധികമാണ് രാജ്ഭവനിൽ കൂടിക്കാഴ്ച നടന്നത്. കേരള സർവകലാശാലയിലെ ഭരണപ്രതിസന്ധി, കെടിയു -ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം, സംസ്ഥാനത്തെ സർവകലാശാലകളിലെ സ്ഥിരം വിസി നിയമനം, നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളുടെ അംഗീകാരം എന്നീ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് സൂചന. അടിയന്തര പരിഹാരം ആവശ്യമുള്ള വിസി നിയമനത്തിൽ അടക്കം ഗവർണറുടെ അടിയന്തര ഇടപെടൽ ഉണ്ടാകാനാണ് സാധ്യത.