തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഉടൻ കേരളത്തിലേക്ക് വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫെബ്രുവരി 6 ,7 തീയതികളിലാണ് നിതിൻ നബിൻ കേരളത്തിൽ സന്ദർശനം നടത്തുക. ആറാം തീയതി കൊച്ചിയിൽ ബൂത്ത് പ്രസിഡന്റുമാരുടെ നേതൃയോഗത്തിൽ പങ്കെടുക്കും. ഏഴാം തീയതി തൃശൂരിൽ ബജറ്റ് ചർച്ചയിലും ഭാഗമാകും. കൊച്ചിയിലാണ് അദ്ദേഹത്തിന് ആദ്യ സ്വീകരണം നൽകുകയെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലാണെന്നും ഫെബ്രുവരി ആദ്യവാരം ഒന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സർക്കാരിന്റെ നയങ്ങളോട് വിയോജിച്ചുകൊണ്ടാണ് കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുന്നതെന്ന് മുതിർന്ന നേതാവ് വി. മുരീധരൻ പറഞ്ഞു. മുൻ സിപിഐഎം നേതാവും കഴക്കൂട്ടം മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആനി അശോകൻ, ഡിവൈഎഫ്ഐ മുൻ കൂന്തല്ലൂർ ലോക്കൽ സെക്രട്ടറി ഹരീഷ് ഡി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇസ്സാൻ ഹുസൈൻ എന്നിവർ ഇന്ന് ബിജെപിയിൽ ചേരുമെന്നും വി. മുരീധരൻ വ്യക്തമാക്കി. നിർണായകമായ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന മുസ്‌ലിം ലീഗ് നേതാവ് കെ.എൻ.എ. ഖാദറിന്റെ വാദത്തിനും വി. മുരീധരൻ മറുപടി പറഞ്ഞു. കോൺഗ്രസിന്റെ യഥാർത്ഥ മുഖം പുറത്തുവരികയാണ്. നേരത്തെ കൂടുതൽ സീറ്റുകൾ മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നു. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ വാർത്തയും പുറത്തുവന്നിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ എന്താകും സംഭവിക്കുക എന്നതിന്റെ സൂചനയാണ് പുറത്ത് വരുന്നത്. മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള സർക്കാരായിരിക്കും ഭരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.