

തിരുവനന്തപുരം: കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് രാജീവ് ചന്ദ്രശേഖർ എംഎൽഎ. ഇത് ഭാവിയിൽ പല പദ്ധതികളെയും ബാധിക്കും. കഴിഞ്ഞ പത്തുവർഷത്തെ കെടുകാര്യസ്ഥതയാണ് സാമ്പത്തിക പ്രശ്നത്തിന് കാരണം.
കഴിഞ്ഞ ഒരു വർഷമായി താൻ പല വേദികളിൽ ഇക്കാര്യം പറയുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രി അവതരിപ്പിച്ച ധവളപത്രം സ്വാഗതം ചെയ്യുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. "യുഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ മധുര സ്വപ്നങ്ങളായി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാശില്ലാതെ എങ്ങനെ സർക്കാർ മുന്നോട്ടു പോകുമെന്നും, ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്യണമെന്നും എംഎൽഎ പറഞ്ഞു. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിൽ എൽഡിഎഫ് യുഡിഎഫ് സർക്കാർ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ സർക്കാരിന് മേൽ അധിക ബാധ്യത അടിച്ചേൽപ്പിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഇന്ന് ധവളപത്രം സഭയിൽ വച്ചശേഷം പറഞ്ഞിരുന്നു. 21,690 കോടിയാണ് അടിയന്തരമായി കൊടുക്കേണ്ട തുക. 6,000 കോടി ഖജനാവിൽ ഉണ്ടായത് കേന്ദ്ര ഗ്രാൻ്റും വന്നത് കൊണ്ടാണെന്നും വി.ഡി. സതീശൻ പറഞ്ഞിരുന്നു.
സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത ഇനത്തിൽ മാത്രം 21,670 കോടി രൂപ നൽകാനുണ്ട്. പെൻഷൻകാർക്കുള്ള ക്ഷാമആശ്വാസ ഇനത്തിൽ 14,387 കോടി രൂപയുടെ ബാധ്യത നിലനിൽക്കുകയാണ്. ബാങ്കുകൾക്കും കോൺട്രാക്ടർമാർക്കുമായി 3,431 കോടി രൂപയുടെ കുടിശികയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സപ്ലൈകോയ്ക്ക് 2,893 കോടി രൂപ നൽകാനുണ്ട്. തദേശ ഫണ്ട്, സ്കോളർഷിപ്പ്, സപ്ലൈകോ കുടിശിക ഉൾപ്പെടെ കൊടുക്കാതെ പോയാണ് ഈ ബാലൻസ്. തുക ബാക്കി ഉണ്ടെന്ന് പറയുന്നത് ആളുകളെ പരിഹസിക്കാനാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള ആരോഗ്യ സ്കീമുകളുടെ ക്ലെയിമുകൾ ഇനത്തിൽ 2,017 കോടി രൂപ കുടിശികയുണ്ട്.
തദേശ സ്വയംഭരണ വകുപ്പിൻ്റെ മൂന്നാം ഗഡു വിഹിതമായി 1,982 കോടി രൂപ നൽകാനുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് നൽകാനുള്ളത് 476 കോടി. എസ്.സി/എസ്.ടി വിദ്യാർഥികളുടെ സ്കോളർഷിപ്പ് ഇനത്തിൽ 377 കോടി രൂപ കുടിശികയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.