ഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശത്തിൽ പ്രിൻ്റു മഹാദേവിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രിൻ്റുവിൻ്റെ പരാമർശം പാർട്ടി അംഗീകരിക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. അത് വക്താവിനോട് തന്നെ പറഞ്ഞിട്ടുണ്ട്. വ്യക്തി വിരോധത്തിലല്ല ബിജെപി രാഷ്ടീയമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വിഷയത്തിൽ ബിജെപി പിന്തുണച്ചില്ലെന്ന പരാതിയുമായി പ്രിൻ്റു മഹാദേവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബിജെപി പാനലിസ്റ്റ് ഗ്രൂപ്പിലാണ് പ്രിന്‍റുവിന്‍റെ വിമർശനം. സ്കൂളിലേക്കും വീട്ടിലേക്കും വരെ കോൺഗ്രസുകാർ മാർച്ച് നടത്തിയെന്നും പാർട്ടി പിന്തുണയ്ക്കാത്തതിൽ നിരാശയെന്നും പ്രിന്‍റു പറഞ്ഞിരുന്നു. പിന്നാലെയാണ് വിഷയത്തിൽ പ്രിൻ്റുവിനെ പരസ്യമായി തള്ളിക്കൊണ്ട് രാജീവ് ചന്ദ്രശേഖർ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
"ആരോടും വ്യക്തി വിരോധം കാണിച്ചല്ല ബിജെപിയുടെ രാഷ്ട്രീയം. വികസനത്തിൽ ഊന്നിയാണ് ഞങ്ങളുടെ രാഷ്ട്രീയം. ആർക്കെതിരെയും വ്യക്തിവിരോധം കാണിക്കാൻ താൽപര്യമില്ലെന്ന് തുടക്കം മുതൽക്കെ പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ വക്താവിനോട് തന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്," രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം പ്രസ്താവനയിൽ വിശദീകരണവുമായി ബിജെപി നേതാവ് പ്രിൻ്റു മഹാദേവ് രംഗത്തെത്തി. തന്നെ കൊലയാളിയായി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമം നടന്നെന്നാണ് പ്രിൻ്റുവിൻ്റെ പക്ഷം. പ്രസ്താവന വളച്ചൊടിച്ച് തെറ്റായ പ്രചാരണം നടത്തിയവർക്ക് എതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നും ബിജെപി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
താൻ പറഞ്ഞ കാര്യമല്ല പ്രചരിപ്പിച്ചതെന്നും പ്രിൻ്റു മഹാദേവ് പറയുന്നു. ചാനലും അവതാരികയും ചേർന്ന് രാഷ്ട്രീയ ഭാവി അവസാനിപ്പിക്കാൻ മനപൂർവം ചെയ്ത കാര്യമാണിത്. "ഞാൻ ഒരു തീവ്രവാദിയോ ഗോഡ്സേയുടെ അനുയായിയോ അല്ല.ഒരു സാധാരണ സ്കൂൾ അധ്യാപകനാണ്.എന്നെ ബോധപൂർവം കൊലയാളിയായി ചിത്രീകരിക്കാൻ നടത്തിയ നീക്കം വലിയ മാനസിക പ്രശ്നമുണ്ടാക്കി. കുടുംബമടക്കം ഒരുപാട് ബുദ്ധിമുട്ടി. എന്നെ തേജോവധം ചെയ്യാനുള്ള പല ശ്രമങ്ങളും ഉണ്ടായി. വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്," പ്രിൻ്റു മഹാദേവ് പറഞ്ഞു. സണ്ണി ജോസഫിന്റെയും വി.ഡി. സതീശൻ്റെയും വാക്കുകൾ കേട്ട് പിണറായി വിജയൻ ബിജെപി പ്രവർത്തകരെ വേട്ടയാടുകയാണെന്നും പ്രിൻ്റു ആരോപിച്ചു.