തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ആർ. ശ്രീലേഖയെ തന്നെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിലുറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മേയർ പദവി ലഭിക്കാത്ത സാഹചര്യത്തിൽ വട്ടിയൂർക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ശ്രീലേഖയ്ക്ക് നേതൃത്വത്തിൻ്റെ നിർദേശം.
തിരുവനന്തപുരം മേയർ സ്ഥാനം വാഗ്ദാനം ചെയ്തിട്ടും അവസാന നിമിഷം തഴഞ്ഞെന്ന ശ്രീലേഖയുടെ പരാതി പരിഗണിച്ചാണ് വട്ടിയൂർക്കാവിൽ ശ്രീലേഖയെ ആലോചിക്കുന്നത്. കെ. മുരളീധരനാണ് യുഡിഎഫ് സ്ഥാനാർഥിയാവാൻ സാധ്യത. വി.കെ. പ്രശാന്തിലൂടെ മണ്ഡലം നിലനിർത്താനാണ് എൽഡിഎഫിൻ്റെ നീക്കം.
മത്സരിക്കുന്നെങ്കിൽ വട്ടിയൂർക്കാവോ തൃശൂരോ വേണമെന്ന് കെ. സുരേന്ദ്രൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് അല്ലാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കാൻ തയ്യാറല്ലെന്നും, അല്ലാതെ മത്സരിക്കാൻ ഇല്ലെന്നുമുള്ള നിലപാടിലേക്ക് കെ. സുരേന്ദ്രൻ എത്തിയിരുന്നു. ഇതോടെ ബിജെപി നേതൃത്വം ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ ഇനി മത്സരത്തിനില്ലെന്നാണ് കെ. സുരേന്ദ്രൻ്റെ അവകാശവാദം. അതേസമയം, കെ. സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കാൻ ബിജെപി നേതൃത്വം ആലോചിച്ചിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥിതികൂടി പരിഗണിച്ചാണ് സ്ഥാനാർഥികളെ പരിഗണിക്കുന്നത് എന്നാണ് ബിജെപി നേതൃത്വത്തിൻ്റെ നിലപാട്.