
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പോകുമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ ആചാരലംഘനത്തിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റണ്ടാണ് അയ്യപ്പ സംഗമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മത സാമുദായിക സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യമുള്ള നാടാണ് കേരളമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീ പ്രവേശന സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറാണോ. അവർക്ക് എന്ത് നിലപാടും എടുക്കാമെന്നും ചോദ്യം ചെയ്യാനില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പത്തു വർഷത്തിനുശേഷം സർക്കാർ അയ്യപ്പ ഭക്തിയുമായി ഇറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചു. ഇത് നടത്താൻ മാത്രം ഇവരുടെ പശ്ചാത്തലം എന്താണ്? തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള അയ്യപ്പ ഭക്തി എന്താണെന്ന് സാമാന്യ ജനങ്ങൾക്കറിയാം. ശബരിമലയിൽ ഇത്രനാൾ വികസന പ്രവർത്തനങ്ങൾ എന്തുകൊണ്ട് നടത്തിയില്ല? ശബരിമലയിൽ ഇത്രനാൾ വികസന പ്രവർത്തനങ്ങൾ എന്തുകൊണ്ട് നടത്തിയില്ല? കോടതിയിലെ അഫിഡവിറ്റിന്റെ കാര്യത്തിൽ തീരുമാനം എന്താണ്? എന്നീ ചോദ്യങ്ങളും സതീശന്‍ ഉന്നയിച്ചു. തങ്ങള്‍ ഉയർത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയട്ടേയെന്നും ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണ് ആഗോള അയ്യപ്പ സംഗമം എന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. സംഗമത്തിലേക്ക് നേരിട്ട് ക്ഷണിക്കാന്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കന്റോൺമെന്റ് ഹൗസിൽ എത്തിയെങ്കിലും വി.ഡി. സതീശന്‍ കാണാന്‍ കൂട്ടാക്കിയിരുന്നില്ല. ക്ഷണക്കത്ത് നൽകി പി.എസ്. പ്രശാന്ത് മടങ്ങുകയായിരുന്നു.