തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാ ദേവി കുഞ്ഞമ്മയെ തള്ളി രമേശ് ചെന്നിത്തല. അവർക്ക് വേണ്ടത്ര എക്സ്പീരിയൻസ് ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു. അതുകൊണ്ടാകാം അത്തരം ഒരു പ്രതികരണം ഉണ്ടായത്. പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ കെപിസിസി പ്രസിഡൻ്റ് പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ശ്രീനാ ദേവി കുഞ്ഞമ്മയുടെ അധിക്ഷേപ പരാമർശത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി കെപിസിസിക്ക് പരാതി നൽകിയിരുന്നു. വ്യക്തിഹത്യ നടത്തി വീഡിയോ ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. സൈബർ അക്രമികളെ പാർട്ടി നിയന്ത്രിക്കണമെന്നും ആവശ്യം.
കഴിഞ്ഞ ദിവസമാണ് മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ശ്രീനാ ദേവി കുഞ്ഞമ്മ രംഗത്തെത്തിയത്. രാഹുലിനെതിരെ മാധ്യമങ്ങൾ ഇല്ലാ കഥകൾ മെനയുകയാണ്. പ്രതിസന്ധി നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ എന്നും ശ്രീനാ ദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു. നിയമത്തിൻ്റെ വഴിയിലൂടെ സഞ്ചരിച്ച് കേസിലെ വിധി വരും വരെ, ഓരാളെയും കുറ്റവാളിയായി ചിത്രീകരിക്കരുത്. രാഹുൽ കുറ്റക്കാരനാണ് എന്ന് കോടതി പറയട്ടെ, അല്ലാതെ കുറ്റക്കാരനാണ് എന്ന് വിധി എഴുതാൻ പറ്റില്ലെന്നും ശ്രീനാ ദേവി കുഞ്ഞമ്മ ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞിരുന്നു.