

തിരുവനന്തപുരം: ഹൈക്കമാൻഡ് ഇടപെട്ടിട്ടും കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം നടത്താനാകാത്ത സ്ഥിതിയിലാണ് യുഡിഎഫ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചർച്ചയിലും സമവായത്തിലെത്താൻ സാധിച്ചില്ല. കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ പരിഹസിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രധാനമന്ത്രിക്ക് മറവിരോഗമാണെന്ന് ചെന്നിത്തല പറഞ്ഞു. ഡൽഹിയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ 50 ദിവസം എടുത്തു. പഴയ കാര്യമൊന്നും നരേന്ദ്രമോദി മറക്കരുതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
"നാഗ്പൂരിലെ നിർദേശം സ്വീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. നരേന്ദ്രമോദിയും അമിത് ഷായും ചേർന്നാൽ എല്ലാമായി എന്നാണ് അവരുടെ പാർട്ടിയുടെ കാര്യം. പക്ഷെ കോൺഗ്രസ് അങ്ങനെയല്ല. എത്രയും പെട്ടെന്ന് തന്നെ മുഖ്യമന്ത്രി ആര് എന്നതിൽ ഹൈക്കമാൻഡ് തീരുമാനമുണ്ടാകും." ചെന്നിത്തല വ്യക്തമാക്കി. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിട്ട നടപടി പരാമർശിച്ചായിരുന്നു മോദിയുടെ വിമർശനം. "പിന്നിൽ നിന്ന് കുത്തുന്ന", "പരാദജീവി" എന്നാണ് കോൺഗ്രസ് പാർട്ടിയെ മോദി വിശേഷിപ്പിച്ചത്.
അതേ സമയം ഡൽഹിയിലെ ചർച്ചകൾ കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും പരസ്യ പ്രതികരണത്തിന് സതീശൻ തയ്യാറായില്ല. കോൺഗ്രസ് നിരീക്ഷകരുടെ പട്ടികയിൽ വിഡി സതീശന് 32 എംഎൽഎമാരുടെ പിന്തുണയെന്നാണ് സൂചന. കെ. സി. വേണുഗോപാലിന് 22 എംഎൽഎമാരുടെ പിന്തണ മാത്രമെന്നും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന കെ.സി. വിഭാഗത്തിന്റെ വാദം പൊളിക്കുന്ന വാർത്തകളാണ് നിലവിൽ പുറത്ത് വരുന്നത്.
ചർച്ചകൾ നീണ്ടത് ജനങ്ങളിൽ അതൃപ്തിയുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പ്രതികരിച്ചു.എന്നാൽ എന്നാൽ കോൺഗ്രസിൽ ഇതെല്ലാം പതിവെന്നായിരുന്നു കെ. മുരളീധരന്റെ മറുപടി. പരസ്യപ്രതികരണങ്ങൾ വേണ്ടെന്ന നിർദേശത്തിന് പിന്നാലെ സംസ്ഥാനത്ത് ഫ്ലക്സ് യുദ്ധങ്ങൾക്ക് താത്കാലിക ശമനമായിട്ടുണ്ട്. പ്രകടനങ്ങൾക്കും സാധ്യതയില്ല. അതേസമയം കെ.സി. വേണുഗോപാലിനെതിരെ നിലപാടെടുത്തു എന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ മുതിർന്ന നേതാവ് കെ.സി. ജോസഫ് എഐസിസിക്ക് പരാതി നൽകി.