

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിലെ സ്ത്രീലമ്പടന്മാരെ ആദ്യം നിലയ്ക്ക് നിര്‍ത്തട്ടെയെന്നും പാര്‍ട്ടി കോടതിയില്‍ വിചാരണ നടത്തുന്ന മുഖ്യമന്ത്രിയാണ് വലിയ വര്‍ത്തമാനം പറയുന്നത് എന്നുമാണ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.
സ്ത്രീലമ്പടന്മാരെ മുഴുവന്‍ സംരക്ഷിക്കുകയും പദവികള്‍ വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഈ പറയുന്നത്. ഒരു സ്ത്രീ കൊടുത്ത പരാതി പൊലീസിലേക്ക് കൈമാറി കൊടുക്കാന്‍ രണ്ടാഴ്ച എടുത്ത മുഖ്യമന്ത്രിയാണ് കോണ്‍ഗ്രസിനെതിരെ പറയുന്നതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ നടന്ന കര്യങ്ങള്‍ ഒന്നും നമ്മളെ കൊണ്ട് പറയിപ്പിക്കരുത്. പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ പിണറായി വിജയന്‍ പീഡന പരാതികള്‍ ഒതുക്കി തീര്‍ത്തുവെന്നും ചെന്നിത്തല ആരോപിച്ചു.
കണ്ണൂരില്‍ വോട്ടു ചെയ്യാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്‍മാര്‍ എന്തും ചെയ്യുമെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ ന്യായീകരിക്കാന്‍ വന്നാല്‍ പൊതു സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വസ്തുതകള്‍ പുറത്ത് പറയാന്‍ അതിജീവിതമാര്‍ മടിക്കുന്നത് കൊല്ലുമെന്ന് ഭീഷണിയുള്ളതിനാലാണെന്നും അത് ഗൗരവതരമാണ്. സര്‍ക്കാര്‍ എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്ല ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ അനുഭവത്തില്‍ നിന്ന് മനസിലാകുന്നത് ഇടതുമുന്നണിക്ക് ചരിത്ര വിജയം ലഭിക്കുമെന്ന് തന്നെയാണ്. യുഡിഎഫിന്റെ കേന്ദ്രങ്ങള്‍ പോലും ഇത്തവണ എല്‍ഡിഎഫിനെ സ്വീകരിക്കുമെന്നും മികവാര്‍ന്ന വിജയം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. വിശ്വാസികളുടെ പിന്തുണ എല്‍ഡിഎഫിന് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.