തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിൽ പിണറായി വിജയൻ പൊലീസ് നയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സുജിത്തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു പൊലീസ് സ്റ്റേഷനിലും സാധാരണക്കാരന് രക്ഷയില്ല. സുജിത്തിനെ മർദിച്ച പൊലീസുകാരെ സർവീസ് നിന്നും പുറത്താക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രശ്നം പൊലീസ് നയത്തിന്റേതാണ്. പിണറായി വിജയൻ സർക്കാരിന്റെ പൊലീസ് നയത്തിന്റെ ഭാഗമാണിത്. ഇനി കേരളത്തിലെ പൊലീസ് സ്റ്റേഷനിൽ പാവപ്പെട്ടവനെ മർദിക്കരുത്. ഇത് അവസാനത്തെ സംഭവമാകണം. മുഖ്യമന്ത്രിയുടെ മൗനം ഇത്തരം അക്രമങ്ങൾ ഉണ്ടാകുന്നതിന് പ്രേരണയാകുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ആക്രമണത്തിൽ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കസ്റ്റഡി മർദനത്തിൽ പൊലീസുകാരെ പിരിച്ചുവിടാമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ഇന്ന് നിയമോപദേശം ലഭിച്ചിരുന്നു. നേരത്തെ നാല് പൊലീസുകാരെയും സസ്പെൻഡ് ചെയ്യാമെന്ന് തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിയോട് ശുപാർശ ചെയ്തിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉത്തര മേഖലാ ഐജിക്ക് സമർപ്പിച്ചു. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറാണ് സസ്പെൻഷൻ ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് നൽകിയത്. നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കാനും ശുപാർശ നൽകിയിട്ടുണ്ട്. ഇതോടെ പിരിച്ചുവിടൽ പോലുള്ള കടുത്ത നടപടിക്ക് തുടക്കമാവുമെന്നാണ് സൂചന.
കുന്നംകുളം സ്റ്റേഷനിൽ വെച്ച് 2023 ഏപ്രിലിലാണ് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ എസ്ഐ നുഹ്മാൻ്റെ നേതൃത്വത്തിൽ മർദിച്ചത്. സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കാക്കി ക്രൂരതയ്ക്ക് കാരണം. രണ്ട് വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പൊലീസ് ക്രൂരതയുടെ സിസിടിവികൾ പുറത്ത് എത്തിക്കാൻ സുജിത്തിന് കഴിഞ്ഞത്.
കുറ്റാരോപിതരായ പൊലീസുകാരെ പ്രതിചേർത്ത് കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോടതി നടപടി കൂടെയുണ്ടാകുമെന്ന് കണക്കിലെടുത്താണ് സസ്പെൻഡ് ചെയ്യണമെന്നാണ് ആവശ്യം ഡിഐജി ഉന്നയിച്ചിരിക്കുന്നത്. സസ്പെൻഷന് പ്രത്യേക വകുപ്പ് ഉപയോഗപ്പെടുത്തണമെന്നും ഡിഐജി റിപ്പോർട്ടിൽ പറയുന്നു. കേസ് നടക്കുന്ന സാഹചര്യത്തിൽ കുറ്റാരോപിതർ പൊലീസ് സേനയിൽ തുടരുന്നത് ശരിയായ നടപടി അല്ലെന്നും റിപ്പോർട്ടിൽ ആർ. ഹരിശങ്കർ ചൂണ്ടിക്കാട്ടി.