

തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടപടിയെടുത്ത പാളയം പ്രദീപിനെ തൻ്റെ അഡീഷണൽ പിഎ ആക്കണമെന്നാവശ്യപ്പെട്ട് രമ്യാ ഹരിദാസ് എംഎൽഎയുടെ കത്ത്. ഇന്ന് രാവിലെയാണ് എംഎൽഎ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്.
കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൻ്റെ എതിർപ്പ് തള്ളിയാണ് പാളയം പ്രദീപിനായി രമ്യ ഹരിദാസ് ഈ കത്ത് നൽകിയത്. ആദ്യം സ്പീക്കറുടെ ഓഫീസിലാണ് രമ്യ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയത്. എന്നാൽ നിയമസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയതോടെ രമ്യ നിയമസഭ സെക്രട്ടറിയുടെ ഓഫീസിനെ സമീപിക്കുകയായിരുന്നു.
രമ്യാ ഹരിദാസ് ഉൾപ്പെട്ട തമ്മിലടിയിൽ കെപിസിസി അംഗം പാളയം പ്രദീപിനെയും ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിനെയും പാർട്ടിയിൽനിന്ന് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. പാർട്ടി നടപടി സ്വീകരിച്ച ഒരാളെയാണിപ്പോൾ രമ്യ തൻ്റെ സ്റ്റാഫിൽ നിയമിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. മുൻകാല പ്രാബല്യത്തോടെ നിയമിക്കണമെന്നാണ് രമ്യയുടെ കത്തിലുള്ളത്.
പ്രവർത്തകരെ ഏകോപിപ്പിച്ച് കൊണ്ടുപോകേണ്ട എംഎൽഎ അടക്കമുള്ളവർ വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചെന്നും അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പോസ്റ്റിട്ടതാണ് സജാദിനെ പുറത്താക്കാൻ കാരണം.
എല്ലാവരുടെയും വിശദീകരണം കേട്ടശേഷമാണ് നടപടി. പ്രദീപ് വിശദീകരണം നൽകാനെത്തിയിരുന്നില്ല. പ്രദീപിൻ്റെ ഇടപെടലിൽ പ്രാദേശിക നേതാക്കൾ കടുത്ത പ്രതിഷേധമാണ് സമിതിയെ അറിയിച്ചത്. അതേസമയം ഇന്ന് രാവിലെയും പ്രദീപ് അവകാശപ്പെട്ടത് താൻ രമ്യയുടെ സ്റ്റാഫ് ആണെന്നാണ്.