ശബരിമല: മണ്ഡലകാല പൂജകൾക്കായി നട തുറന്ന ശബരിമലയിൽ രണ്ടാം ദിനവും ഭക്തരുടെ വലിയ തിരക്ക്. പതിനെട്ടാം പടി മുതൽ പമ്പ വരെ ആളുകളുടെ ക്യൂ നീണ്ടു. 12 മണിക്കൂറോളം ക്യൂ നിൽക്കേണ്ടി വന്നതോടെ പലരും വലിയ ബുദ്ധിമുട്ടിലായി. ഇന്നലെ മാത്രം ഒരു ലക്ഷത്തിലേറെ ഭക്തർ ദർശനം പൂർത്തിയാക്കി.
പുലർച്ചെ 3 മണിക്ക് നട തുറന്നത് മുതൽ വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഇന്നലെ വൈകിട്ട് പമ്പയിൽ നിന്ന് മല കയറിയവർ പോലും ഇന്ന് രാവിലെ 11 മണിയോടെയാണ് സന്നിധാനത്തെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കുടിവെള്ളം പോലും ലഭിക്കാതെ ബുദ്ധിമുട്ടി.
ഇന്ന് ഉച്ചവരെ അറുപതിനായിരത്തിലേറെ അയ്യപ്പൻമാരാണ് മല കയറിയത്. ഇതോടെ നട അടച്ചിട്ടും ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിച്ചു. പമ്പ മുതൽ സന്നിധാനത്തെ വലിയ നടപ്പന്തൽ വരെയുള്ള ഭാഗങ്ങളിൽ ഭക്തരെ കയറ്റി വിടുന്നതിൽ നിയന്ത്രണങ്ങൾ വരുത്തിയതാണ് പ്രധാന പ്രതിസന്ധി. ഒപ്പം സ്പോട് ബുക്കിങ്ങിൽ നിയന്ത്രിക്കാത്തതും തിരിച്ചടിയാണെന്നാണ് അയ്യപ്പ ഭക്തർ ഉന്നയിക്കുന്ന പരാതി.