
കേരള സർവകലാശാലയിലെ സസ്പെൻഷൻ വിവാദം നാളുകളേറെയായി നീറിപ്പുകയുന്നതിനിടെ ഇന്ന് രാവിലെയാണ് രജിസ്ട്രാർ കെ.എസ്. അനില്‍ കുമാർ ഓഫീസിലെത്തിയാൽ തടയാൻ വൈസ് ചാൻസലർ സർവകലാശാല സെക്യൂരിറ്റി ഓഫീസർക്ക് നിർദേശം നൽകി ഉത്തരവിറക്കിയത്. അതേസമയം, വിസിയുടെ നിർദേശം വകവെക്കാതെ ഇന്നും രജിസ്ട്രാർ അനില്‍ കുമാർ ഇന്നും സർവകലാശാലാ ആസ്ഥാനത്തുള്ള ഓഫീസിലെത്തി.
വൈസ് ചാൻസലറുടെ നിർദേശ പ്രകാരം സെക്യൂരിറ്റി ഉദ്യോഗസ്ഥർ രജിസ്ട്രാറുടെ മുറിക്ക് പ്രത്യേക സംരക്ഷണം നൽകണമെന്നും രജിസ്ട്രാറെ ഫയലുകളിൽ ഒപ്പുവെപ്പിക്കാൻ അനുവദിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. കെ.എസ്. അനില്‍ കുമാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നിയമപരമായ അംഗീകാരങ്ങൾ ഉണ്ടായിരിക്കില്ലെന്നും വിസി പ്രഖ്യാപിച്ചിരുന്നു.
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ചേർന്ന് രജിസ്ട്രാർ സ്ഥാനത്ത് നിന്ന് കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കിയ സംഭവത്തിൽ രാജ്ഭവൻ നിയമോപദേശം തേടിയിട്ടുണ്ട്. വി.സിയുടെ റിപ്പോർട്ടിൽ രാജ്ഭവൻ ഉടൻ നടപടിയെടുക്കേണ്ടതില്ലെന്നും, ചാൻസലർ ഇടപെടേണ്ട ഗൗരവതരമായ വിഷയം സർവകലാശാലയിൽ ഇല്ലെന്നുമാണ് രാജ്ഭവൻ്റെ വിലയിരുത്തൽ.
സിൻഡിക്കേറ്റ് യോഗം നടന്നിട്ടില്ലെന്നും നടക്കാത്ത യോഗം റദ്ദാക്കേണ്ടതില്ലെന്നുമാണ് വി.സിയുടെ നിലപാട്. രജിസ്ട്രാർ സ്ഥാനത്ത് തുടരാൻ അനിൽ കുമാറിന് അർഹതയില്ല എന്നും രാജ്ഭവൻ പറയുന്നു. വൈസ് ചാൻസലർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും രാജ്ഭവന് ഇതു സംബന്ധിച്ച് വിശദമായ നിയമോപദേശം ലഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.