കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുൻ്റെ മരണവിവരം അമ്മ സുജയെ അറിയിച്ചെന്ന് ബന്ധുക്കൾ. സുജ നിലവിലുള്ളത് തുർക്കിയിലാണ്. രണ്ടുമാസത്തേക്കാണ് തുർക്കിയിലേക്ക് പോയതെന്നും ബന്ധുക്കൾ പറഞ്ഞു.
കുടുംബത്തിൻ്റെ കയ്യിൽ പാസ്പോർട്ട് വിവരങ്ങൾ ഇല്ലാത്തത് പ്രതിസന്ധിയിലാക്കിയിരുന്നു. മുൻപ് ഇവർക്കൊപ്പം ജോലി ചെയ്യുന്ന സ്ത്രീയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ സുജയെ ബന്ധപ്പെടാൻ സാധിച്ചില്ല. പിന്നീട് നിരന്തരം നടത്തിയ ശ്രമത്തിനൊടുവിലാണ് സുജയെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചത്.
ഇന്ന് രാവിലെയായിരുന്നു എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുൻ സ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ചത്. കഴിഞ്ഞ മാസമാണ് മിഥുൻ ഈ സ്കൂളിൽ പ്രവേശനം നേടിയത്. സ്‌കൂളിനോട് ചേര്‍ന്നുള്ള ഇരുമ്പ് ഷീറ്റിട്ട സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനടെ ഷോക്കേൽക്കുകയായിരുന്നു. ഒരു ബെഞ്ച് ഇട്ടതിന് ശേഷം കുട്ടി ഷെഡിന് മുകളിലേക്ക് ഇറങ്ങി. എന്നാല്‍ ഷീറ്റിന് മുകളിലൂടെ പോവുന്ന വൈദ്യുത കമ്പിയില്‍ തട്ടി കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു.
മിഥുൻ്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മറ്റെല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കും. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണം. സ്കൂളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നുമായിരുന്നു എം. വി. ഗോവിന്ദൻ്റെ പ്രതികരണം.
അതേസമയം, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിൻ്റെ നേതൃത്വത്തിൽ മിഥുൻ്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കുട്ടിയുടെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.
അപകട മരണം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും 14 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. സ്വാഭാവിക മരണത്തിന് ശാസ്താംകോട്ട പൊലീസും കേസെടുത്തിട്ടുണ്ട്. സമഗ്ര അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും നേരത്തെ ഉത്തരവിട്ടിരുന്നു.