

ഡൽഹി: ബലാത്സംഗ പരാതിയിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് ആശ്വാസ വിധി. സുജിത് ദാസ് ഉൾപ്പടെയുള്ളവർക്കെതിരെ എതിരെ ബലാത്സംഗ കേസ് എടുക്കുന്നതിന് മുമ്പ് പൊലീസ് റിപ്പോർട്ട് പരിഗണിക്കണമോ എന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി.വി. ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവർക്കെതിരെ ആയിരുന്നു വീട്ടമ്മയുടെ ലൈംഗിക പീഡന പരാതി.
മലപ്പുറത്ത് വസ്തു പ്രശ്നം പരിഹരിക്കാനെത്തിയ യുവതി ആദ്യം പൊന്നാനി സിഐ ആയിരുന്ന വിനോദിന് പരാതി നല്‍കിയെന്നും ഇതിനു പിന്നാലെ വിനോദ് യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. പിന്നീട് മറ്റു പൊലീസുകാരും യുവതിയെ പല സ്ഥലങ്ങളില്‍ നിന്നായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
പീഡന പരാതി വ്യാജമാണെന്ന് സുജിത് ദാസും ഡിവൈഎസ്പി ബെന്നിയും സിഐ വിനോദും നേരത്തേ ആരോപിച്ചിരുന്നു. വീട്ടമ്മ ഉന്നയിച്ച പീഡന പരാതിയില്‍ കഴമ്പില്ലെന്നത് നേരത്തെ കണ്ടെത്തിയതാണെന്നാണ് സുജിത് ദാസ് വ്യക്തമാക്കിയിരുന്നു. മുട്ടില്‍ മരംമുറി കേസിലെ ഉദ്യോഗസ്ഥനായ തന്നെ മനഃപൂര്‍വ്വം കുടുക്കാനാണ് ആരോപണം എന്നാണ് ഡിവൈഎസ്പി ബെന്നി പറഞ്ഞത്. സിഐ വിനോദും പീഡന പരാതി വ്യാജമാണെന്ന് പ്രതികരിച്ചിരുന്നു.
സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീട്ടമ്മ നൽകിയത് കള്ളപ്പരാതിയാണെന്ന് സർക്കാരും നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബലാത്സംഗ പരാതി നല്‍കിയിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ വിശദീകരണം നൽകിയത്. പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ല. പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണ്. എസ്.പി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാനുള്ള തെളിവില്ല. വ്യാജ പരാതിയില്‍ കേസെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരും. പരാതിക്കാരി നല്‍കിയ മൊഴിയില്‍ സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളും തീയതിയുമെല്ലാം പരസ്പരവിരുദ്ധമാണെന്നും ഹര്‍ജി തള്ളണമെന്നുമായിരിന്നു സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്.