തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റുചെയ്ത മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിൻ്റെ റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. എൻ. വാസു മറ്റ് പ്രതികൾക്ക് ഒപ്പം ചേർന്ന് ശബരിമല സ്വർണക്കൊള്ളയ്ക്ക് ഗൂഢാലോചന നടത്തി എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ചെമ്പ് പാളികൾ എന്ന് ശുപാർശ നൽകിയത് വാസുവാണ്. ദേവസ്വം സെക്രട്ടറിക്ക് നൽകിയ കത്തിൽ മനഃപൂർവം സ്വർണം പൂശിയതെന്ന് ഒഴിവാക്കി. സ്വർണം അപഹരിക്കുന്നതിന് ഒത്താശ ചെയ്തു. സ്വർണക്കൊള്ള നടത്തിയത് ബോർഡിൻ്റെ അറിവോടെയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കി. ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തി നവീകരണത്തിന് ശുപാർശ നൽകിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അനധികൃതമായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ ഇടപെടൽ നടത്തി. ബോർഡിന് നഷ്ടവും പ്രതികൾക്ക് ഇതുവഴി അന്യായ ലാഭവും ഉണ്ടായി എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എൻ. വാസുവിനെതിരെ ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, സ്വർണക്കവർച്ച തുടങ്ങിയ ആരോപണങ്ങളാണ് ഉള്ളത്. ഇതിൽ ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.
കേസിൽ അറസ്റ്റുചെയ്ത എൻ. വാസു നിലവിൽ കൊട്ടാരക്കര സബ് ജയിലിലാണ് റിമാൻഡിൽ കഴിയുന്നത്. കസ്റ്റഡി അപേക്ഷ പിന്നീട് നൽകാനാണ് എസ്ഐടിയുടെ നീക്കം. കഴിഞ്ഞദിവസമാണ് എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടുതവണയായി അന്വേഷണ സംഘം വാസുവിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2019ൽ ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പാളികൾ കൊടുത്തുവിട്ടതിൽ എൻ. വാസുവിന് പങ്കുണ്ട് എന്ന കണ്ടെത്തലിൽ വാസുവിനെ മൂന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ഈ കേസിലാണ് എൻ. വാസുവിൻ്റെ അറസ്റ്റ് രേഖപ്പെടിത്തിയത്.