പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് ട്രാക്ടർ യാത്ര നടത്തിയ സംഭവത്തിൽ എഡിജിപി എം. ആർ. അജിത് കുമാറിന് വീഴ്ചയെന്ന് റിപ്പോർട്ട്.
എം. ആർ. അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിച്ചു. ഒരു ഉദ്യോഗസ്ഥനും വീഴ്ച അവർത്തിക്കരുതെന്നും ഡിജിപി അറിയിപ്പ് നൽകി.
ജൂലൈ 12ന് സ്വാമി അയ്യപ്പൻ റോഡിലൂടെ എഡിജിപി എം. ആർ. അജിത് കുമാർ നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അജിത് കുമാർ ഉൾപ്പെടെ മൂന്ന് പേർ യാത്ര ചെയ്യുന്നത് ദൃശ്യങ്ങളാണ് പുറത്തുവന്നത്. യാത്രാമധ്യേ കാൽ വേദനിച്ചെന്നും അതുവഴി വന്ന ട്രാക്ടറിൽ കയറിയെന്നുമാണ് അജിത് കുമാർ വിശദീകരണം നൽകിയത്.
എന്നാൽ പത്തനംതിട്ട എസ് പിയുടെ നിർദേശപ്രകാരമാണ് തിരുവല്ല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ട്രാക്ടറിൽ അജിത് കുമാറിനെ കൊണ്ടുപോയെന്നാണ് ലഭ്യമാകുന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരികെയും എഡിജിപി ട്രാക്ടറിലാണ് സഞ്ചരിച്ചത്. ട്രാക്ടർ യാത്രയെ അതിരൂക്ഷമായി വിമർശിച്ച ഹൈക്കോടതി സംഭവത്തിൽ റിപ്പോർട്ട് തേടിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിജിപി ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചത്.