

കൊച്ചി: പരിധിയിൽ കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം ഇന്നലെ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിൻ്റെ നടപടി.
എക്സൈസ് എസി ബൈജുവിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആൻ്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആൻ്റോയെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സസൈസ് ആൻ്റോ ആഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. അതേസമയം അറസ്റ്റിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. എഫ്ഐആർ കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ല എന്ന് ആൻ്റോ നിലപാട് എടുത്തതോടെ പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാർ എഫ്ഐആർ കോപ്പിയുമായി എത്തി കൈമാറുകയായിരുന്നു.
മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡ് അവസാനിപ്പിച്ച് എസ്ഐടി സംഘം മടങ്ങും മുൻപെയാണ് എക്സൈസ് സംഘം ഓഫീസിൽ എത്തിയത്. റെയ്ഡിൽ എസ്ഐടി നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിൽ എടുത്തു. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ റെയ്ഡ് ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അവസാനിച്ചത്.