പത്തനംതിട്ട: അടൂർ പൊലീസിന് എതിരെ മർദന ആരോപണവുമായി റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ. സ്റ്റേഷനിലെ എസ്ഐ ആയിരുന്ന അനൂപ് ചന്ദ്രൻ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നാണ് പള്ളിക്കൽ സ്വദേശി വി. ബാബുവിന്റെ ആരോപണം.
മെയ് 27ന് ആണ് സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് ബാബു സ്റ്റേഷനിൽ എത്തിയത്. ഈ തർക്കത്തില്‍ കക്ഷിയായിരുന്ന ഇരു കൂട്ടരുടെയും പ്രശ്നങ്ങള്‍ കേട്ട് പരിശോധിച്ച് പരിഹരിച്ച ശേഷം സിഐ മടങ്ങി. തർക്കം പരിഹരിച്ചുവെന്ന് എഴുതി ഒപ്പിട്ട് കൊടുക്കാന്‍ കാത്തിരിക്കുമ്പോഴാണ് എസ്ഐ അനൂപ് ചന്ദ്രന്‍ സ്റ്റേഷനിലേക്ക് എത്തിയത്. തന്നോട് ഒരു ക്രിമിനല്‍ എന്ന വിധമാണ് എസ്ഐ പെരുമാറിയതെന്നാണ് ബാബു പറയുന്നത്. റിട്ട. ബാങ്ക് ഉദ്യോഗസ്ഥനാണെന്നും പട്ടിക ജാതി വിഭാഗ സംഘടനയുടെ പ്രവർത്തകനാണെന്നും പറഞ്ഞെങ്കിലും തന്റെ സമുദായത്തെ അടക്കം അക്ഷേപിക്കുന്ന രീതിയിലായിരുന്നു അനൂപ് ചന്ദ്രന്റെ സംസാരമെന്നും ബാബു ന്യൂസ് മലയാളത്തോട് പറഞ്ഞു.
അസഭ്യ വർഷത്തിന് ശേഷം ശാരീരികമായി തന്നെ ഉപദ്രവിച്ചതായും ബാബു ആരോപിക്കുന്നു. ബൂട്ടിട്ട്, കാലിന് മുകളില്‍ ചവിട്ടുകയായിരുന്നു. ഈ ഭാഗത്ത് മുറിവുണ്ടായിയെന്നും ബാബു പറയുന്നു. നിരപരാധികള്‍ സ്റ്റേഷനില്‍ വരുമ്പോള്‍ അവരുടെ വേഷം കണ്ട് ക്രിമിനല്‍ എന്ന മുന്‍ധാരണയില്‍ പെരുമാറുന്ന ഇത്തരം ഉദ്യോഗസ്ഥരെ സർവീസില്‍ നിന്ന് പുറത്താക്കണമെന്ന് ബാബു ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്തെ പൊലീസ് സേനയെ ആകെ നാണം കെടുത്തിയ കുന്നംകുളം, പീച്ചി കസ്റ്റഡി മർദനങ്ങളിൽ നടപടിക്ക് ഒരുങ്ങുകയാണ് ആഭ്യന്തര വകുപ്പ്. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ കൊടിയ മർദനത്തിരയാക്കിയ നാല് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടേക്കും. പീച്ചിയിൽ ഹോട്ടൽ ജീവനക്കാരെ തല്ലിയ എസ്ഐ രതീഷിനെ സസ്പെൻഡ് ചെയ്യാനാണ് സാധ്യത.