

തിരുവനന്തപുരം: ശബരിമലയിലെ സ്വർണം കവർന്ന കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ എസ്ഐടി പരിശോധന. പൊലീസിനൊപ്പം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭൂമി ഇടപാടുകളുടെ രേഖകകളും സംഘം പരിശോധിക്കുന്നുണ്ട്. ഭൂമി ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചില രേഖകൾ നശിപ്പിച്ചെന്ന സംശയത്തിൽ കരിയില കത്തിച്ച സ്ഥലത്തും പരിശോധന നടത്തി.
പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും വീട്ടിൽ ഉണ്ടായിരുന്ന രേഖകകളും പിടിച്ചെടുത്തു. ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെ എസ്ഐടി പരിശോധന. എസ്ഐടിയുടെ ചോദ്യങ്ങളോട് പോറ്റി സഹകരിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഹൈദരാബാദില്‍ ഒരു മാസം പാളി സൂക്ഷിച്ചതിന് ഉണ്ണികൃഷ്ണൻ പോറ്റി കൃത്യമായ മറുപടി പറഞ്ഞില്ലെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്. പൂജിക്കാന്‍ വേണ്ടി സൂക്ഷിച്ചതാണ് എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. എന്നാൽ പൂജിക്കാന്‍ സൂക്ഷിച്ചതാണെന്ന മൊഴി എസ്ഐടി സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം ദ്വാരപാലക ശിൽപ്പങ്ങളിൽ ഈ വർഷം നടത്തിയ അറ്റകുറ്റപ്പണിയും അന്വേഷിക്കാൻ എസ്ഐടി തീരുമാനിച്ചു.