കൊച്ചിയിലെ കപ്പൽ അപകടത്തിന് പിന്നാലെ കേരളതീരത്ത് നിന്നും 56 കണ്ടെയ്നറുകൾ കണ്ടെത്തിയതായി റവന്യൂവകുപ്പ് മന്ത്രി കെ. രാജൻ. വ്യാഴാഴ്ച വൈകുന്നേരം വരെ ലഭിച്ച കണക്കനുസരിച്ച് 56 കണ്ടൈനറുകൾ കണ്ടെത്തിയെന്നാണ് മന്ത്രിയുടെ പ്രസ്താവന. കണ്ടെയ്നറുകളുടെ യാത്ര ഇനി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും തീരം വൃത്തിയാക്കാനുള്ള നടപടികൾ വേഗത്തിൽ ആരംഭിച്ചിട്ടുണ്ടെന്നും കെ. രാജൻ വ്യക്തമാക്കി.
രണ്ടുവിധത്തിലാണ് കപ്പലുമായി ബന്ധപ്പെട്ട തുടർന്ന് നടപടികൾ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രി പറയുന്നു. കരയിൽ വന്ന് അടിയുന്ന കണ്ടെയ്നറുകളിൽ പോർബന്തർ ആസ്ഥാനമായ വിശ്വകർമ കമ്പനിയാണ് തുടർന്ന് നടപടികൾ സ്വീകരിക്കുക. കടലിൽ കിടക്കുന്ന കണ്ടെയ്നറുകളുടെയും കപ്പലിൻ്റെ കാര്യത്തിൽ അമേരിക്കൻ കമ്പനി ടിഎൻടി നടപടി കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
വെള്ളിയാഴ്ച ടിഎൻടി കമ്പനി കപ്പലിന്റെ സൈഡ് സ്കാനിങ് ഇന്നലെ നടത്തിയിരുന്നു. ഏറ്റവും കൂടിയ അളവ് 51 മീറ്ററും മുകളിൽ നിന്നുള്ള ആളവ് 30 മീറ്ററുമാണ്. ഡൈവേഴ്സിനെ ഉപയോഗിച്ച് അതിനകത്ത് എന്തൊക്കെയാണ് ഉള്ളതെന്ന് കണ്ടെത്തും. കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നർ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അത് കണ്ടെയ്നറിൽ നിന്ന് പുറത്തു വരില്ല എന്നാണ് ഡിജിസിഎല്ലുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയതെന്നും കെ. രാജൻ പറഞ്ഞു.
കൊച്ചിയിലെ കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റി സാമ്പത്തിക പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് എംഎസ്‌സി എൽസ 3 കപ്പൽ കണ്ടെയ്നറുകളുമായി മുങ്ങിയത്.
ഇക്കഴിഞ്ഞ 24നാണ് കൊച്ചി പുറംകടലിന് സമീപം അറബിക്കടലിൽ കപ്പൽ അപകടത്തിൽപെട്ടത്. അടുത്ത ദിവസം മുങ്ങുകയും ചെയ്തു. 640 കണ്ടെയ്നറുകളാണ് മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്നത്. ഇതില്‍ 13 എണ്ണത്തിൽ ഹാനികരമായ വസ്തുക്കളും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡും ആയിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിൽ ഒമ്പതോളം കണ്ടെയ്‌നറുകളാണ് കടലിൽ വീണത്.
അപകടത്തെതുടർന്ന്, കടലിൽ ഏതാണ്ട് 3.7 കിലോമീറ്റർ (2 നോട്ടിക്കൽ മൈൽ) വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപടർന്നതായാണ് റിപ്പോർട്ട്. കപ്പൽ ഉയർത്താൻ കഴിയുമോ ഉപേക്ഷിക്കേണ്ടി വരുമോ തുടങ്ങിയ സാധ്യതകൾ കപ്പൽ കമ്പനിയുടെ നേതൃത്വത്തിൽ പരിശോധിച്ച് വരികയാണ്.
കാർഗോ കേരളാ തീരത്ത് വന്നടിഞ്ഞാൽ അടുത്തേക്ക് പോകുകയോ തൊടുകയോ ചെയ്യരുതെന്നും ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. 24 പേരെ കപ്പലിൽ നിന്ന് രക്ഷിച്ചിരുന്നു. 20 ഫിലിപ്പൈൻസ് ജീനക്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ജോർജിയ പൗരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്.