ഓണസദ്യക്ക് ചെലവേറും ! അരിയുടെ വരവ് കുറഞ്ഞു, വില വര്‍ധനയ്ക്ക് സാധ്യത

തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് അരിയെത്തുന്നത്
ഓണസദ്യക്ക് ചെലവേറും ! അരിയുടെ വരവ് കുറഞ്ഞു, വില വര്‍ധനയ്ക്ക് സാധ്യത
Published on
Updated on

തെക്കൻ ജില്ലകളിൽ പ്രിയമേറിയ അരി ബ്രാൻഡുകളായ ജയ, സുരേഖ, എന്നിവയുടെ വരവ് കുറഞ്ഞതോടെ ഓണത്തിന് അരി വില ഉയരും. കേരളത്തിലെ ഓണം വിപണി ലക്ഷ്യമിട്ട് ആന്ധ്രയിലെ മൊത്ത വ്യാപാരികൾ അരി പൂഴ്ത്തി വയ്ക്കുന്നുണ്ടെന്നാണ് ഏജന്റുമാരുടെ ആരോപണം. വിപണിയിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

സംസ്ഥാനത്ത് ഓണത്തിനുള്ള അരി വ്യാപാരികൾ ശേഖരിക്കുന്നത് ഓഗസ്റ്റ് ആദ്യവാരം മുതലാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് അരിയെത്തുന്നത്. സംസ്ഥാനത്തിന് ആവശ്യമായ 80 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്. ആന്ധ്രയിൽ നിന്നുള്ള ജയ, സുരേഖ ഇനം അരിക്ക് ഇതിനോടകം വില വർധിച്ചു.

ഓണസദ്യക്ക് ചെലവേറും ! അരിയുടെ വരവ് കുറഞ്ഞു, വില വര്‍ധനയ്ക്ക് സാധ്യത
കാടുപിടിച്ച് നശിച്ച് സംസ്ഥാനത്തെ ആദ്യ സ്പോർട്‍സ് മെഡിസിൻ ഇന്‍സ്റ്റിറ്റ്യൂട്ട്; വര്‍ഷങ്ങളായി തെരുവുനായ്ക്കളുടെ കളിയിടം

പാലക്കാടും, ആലപ്പുഴയിലും ഉൽപ്പാദിപ്പിക്കുന്ന മട്ട വടി അരിക്കും വില കൂടി. കഴിഞ്ഞ ദിവസങ്ങളിൽ മട്ട വടി അരി ആറു രൂപയാണ് കൂടിയത്. 40 രൂപയെന്നത് 46 രൂപയായി. ഓണത്തോടെ 50 രൂപയില്‍ എത്തുമെന്ന സൂചനയാണ് വ്യാപാരികൾ നൽകുന്നത്. കേറ്ററിങ്ങ് സംഘങ്ങളും, വിവാഹങ്ങൾക്ക് സദ്യയൊരുക്കുന്നവരുമെല്ലാം ജയ, സുരേഖ അരിക്കാണു മുൻഗണന നൽകുന്നത്. ഇതോടെ ഓണത്തോടനുബന്ധിച്ച് ഏറ്റവും ചിലവേറുന്നതും ഈ അരി ഇനങ്ങൾക്കായിരിക്കും. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ജയ, സുരേഖ അരിക്കാണ് പ്രിയം.

അതേസമയം, കേരളത്തിലെ ഓണ വിപണി ലക്ഷ്യമിട്ട് അരി പൂഴ്ത്തിവയ്ക്കുകയാണെന്ന ആരോപണങ്ങളെ മറ്റു സംസ്ഥാനങ്ങളിലെ വ്യാപാരികള്‍ എതിര്‍ക്കുന്നു. ആന്ധ്രയിലും, തെലങ്കാനയിലും മഴക്കുറവും ജലക്ഷാമവുമാണ് വിപണിയിൽ വില വർധിക്കാൻ കാരണമെന്നാണ് അവരുടെ വാദം.

News Malayalam 24x7
newsmalayalam.com