തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരായ സൈബർ ആക്രമണം പെയ്‌ഡാണെന്ന് റിനി ആൻ ജോർജ്. ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണ് ആക്രമണമുണ്ടാകുന്നത്. സൈബർ അറ്റാക്കിനെ ബഹുമതിയായി കാണുന്നുവെന്നും, പോരാട്ടം തുടരുമെന്നും റിനി പറഞ്ഞു.
രാഹുലിനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നെങ്കിലും നിയമ നടപടികളിലേക്ക് കടക്കാൻ ഇപ്പോൾ താൽപ്പര്യം ഇല്ലെന്ന് ഇവർ ആദ്യമേ അറിയിച്ചിരുന്നു. ഈ വിഷയത്തിൽ പരാതി നൽകാൻ ആരും ഇതുവരെ തയ്യാറായിട്ടുമില്ല. എന്നാൽ ഭാവിയിൽ യുവതികൾ പരാതി നൽകാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നുമില്ല.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിൽ നിയമോപദേശം തേടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. യുവനടിയെ പരാതിക്കാരിയാക്കണോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടുന്നത്. രാഹുലിന് എതിരേ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത് ഈ നടിയാണ്. നടിയുടെ മൊഴിയില്‍ രാഹുല്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന് ആവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ഈ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളായ വാട്‌സ് ആപ്പ് സന്ദേശങ്ങളും നടി കൈമാറിയിരുന്നു.