കൊച്ചി: മദ്യപാനികളുടെ ശല്യത്തിൽ വലഞ്ഞ മലയാളികൾക്ക് രക്ഷരായി തമിഴ്നാട് ആർപിഎഫ് ഉദ്യോഗസ്ഥർ. കാരയ്ക്കൽ എക്സ്പ്രസിൽ കൊച്ചിയിൽ നിന്ന് തഞ്ചാവൂരിലേക്ക് യാത്ര ചെയ്ത സംഘത്തിനാണ് ട്രെയിനിൽ മോശം അനുഭവം ഉണ്ടായത്. തമിഴ്നാട് സ്വദേശികൾ ജനറൽ കമ്പാർട്മെന്റിൽ കയറി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. പാലക്കാട് ആർപിഎഫിനെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ല എന്നും ആരോപണം ഉണ്ട്. തമിഴ്നാട് സ്വദേശികൾ പ്രശ്നം ഉണ്ടാക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
ട്രെയിനിൽ യാത്രക്കാർക്ക് എത്രത്തോളം സുരക്ഷയുണ്ടെന്ന് ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാരയ്ക്കൽ എക്സ്പ്രസിൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ മദ്യപ സംഘത്തിന്റെ ശല്യത്തിൽ വലഞ്ഞു.
പാലക്കാട് ആർപിഎഫിനെ വിവരം അറിയിച്ചെങ്കിലും മദ്യക്കുപ്പി എടുത്തുമാറ്റുക മാത്രമാണ് ഇവർ ചെയ്തതെന്നും ആരോപണമുണ്ട്. മദ്യപസംഘത്തെ ഉണർത്താൻ കഴിയില്ലെന്ന് ആർപിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞെന്നും പരാതിക്കാർ പറയുന്നു.
ഇവരുടെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ മലയാളികൾ കോയമ്പത്തൂർ ആർപിഎഫിന്റെ സഹായം തേടി. ഈറോഡ് എത്തിയപ്പോൾ കോയമ്പത്തൂർ ആർപിഎഫ് ഇടപെട്ട് ഇവരെ കസ്റ്റഡിയിലെടുത്തു.