
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ബിജെപിയെയും ആര്‍എസ്എസിനെയും കൈപിടിച്ച് നയിച്ച നേതാവ്. സി. സദാനന്ദനെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ഇടതു പാരമ്പര്യമുള്ള കുടുംബത്തില്‍നിന്നാണ് സദാനന്ദന്‍ സംഘപരിവാര്‍ പ്രസ്ഥാനത്തോട് അടുക്കുന്നത്. അക്രമരാഷ്ട്രീയം മുപ്പതാം വയസില്‍ രണ്ട് കാലുകള്‍ എടുത്തിട്ടും, സദാനന്ദന്റെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് ഇളക്കമൊന്നും തട്ടിയില്ല. ഊന്നുവടിയില്‍ എഴുന്നേറ്റുനിന്ന സദാനന്ദന്‍ വീല്‍ച്ചെയറിലും കൃത്രിമക്കാലുകളിലുമായി പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി. രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റെങ്കിലും, രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.
കണ്ണൂരില്‍ മട്ടന്നൂരില്‍ ഇടതുപക്ഷ പശ്ചാത്തലമുള്ള കുടുംബത്തിലായിരുന്നു സദാനന്ദന്റെ ജനനം. അച്ഛന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഇടതുപക്ഷ അനുഭാവിയും ചേട്ടന്‍ സിപിഐഎം പ്രവര്‍ത്തകനുമായിരുന്നു. കോളേജ് പഠനകാലത്താണ് സദാനന്ദന്‍ ഇടതു ചിന്തകള്‍ വിട്ട് തീവ്ര വലതുപക്ഷ ആശയങ്ങളിലേക്ക് എത്തിപ്പെടുന്നത്. ഗുവാഹത്തി സര്‍വകലാശാലയില്‍നിന്ന് കൊമേഴ്സില്‍ ബിരുദവും കാലിക്കട്ട് സര്‍വകലാശാലയില്‍നിന്ന് ബി.എഡും സ്വന്തമാക്കിയ സദാനന്ദന്‍ അധ്യാപന ജീവിതം തിരഞ്ഞെടുത്തു. 1999 മുതല്‍ തൃശൂര്‍ ജില്ലയിലെ പേരാമംഗലം ദുര്‍ഗാ വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായിരുന്നു. നാഷണല്‍ ടീച്ചേഴ്സ് യൂണിയന്‍ ഇന്‍ കേരള വൈസ് പ്രസിഡന്റും, സംഘടനയുടെ മുഖപത്രമായ ദേശീയ അധ്യാപക വാര്‍ത്തയുടെ എഡിറ്ററുമായിരുന്നു. ആർഎസ്എസിന്റെ ബൗദ്ധിക വിഭാഗമായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ സജീവ അംഗവുമാണ്.
മട്ടന്നൂര്‍ സ്വദേശിയാണെങ്കിലും സദാനന്ദന്റെ രാഷ്ട്രീയ പ്രവര്‍ത്തന മേഖല കൂത്തുപറമ്പായിരുന്നു. അവിടെവെച്ചാണ് സദാനന്ദന്‍ ആക്രമിക്കപ്പെടുന്നതും കാലുകള്‍ നഷ്ടപ്പെടുന്നതും. കണ്ണൂരില്‍ സിപിഐഎം-ആര്‍എസ്എസ് സംഘര്‍ഷം രൂക്ഷമായ നാളുകളായിരുന്നു അത്. 1994 ജനുവരി 25ന്, സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ആളുകളെ ക്ഷണിക്കാനായി പോയശേഷം, രാത്രിയോടെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു സദാനന്ദന്‍ ആക്രമിക്കപ്പെട്ടത്. ഇരുട്ടില്‍ ഒരു സംഘം നാടന്‍ ബോംബുകളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം, സദാനന്ദന്റെ കാലുകള്‍ വെട്ടുകയായിരുന്നു. പൊലീസെത്തിയാണ് സദാന്ദനെ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമിക്കപ്പെടുമ്പോള്‍ 30 വയസുണ്ടായിരുന്ന സദാനന്ദന്‍ ആര്‍എസ്എസ് ജില്ലാ സര്‍കാര്യവാഹക് ആയിരുന്നു. ഇതേത്തുടര്‍ന്നുള്ള അക്രമങ്ങളിലാണ് എസ്എഫ്‍ഐ നേതാവ് കെ.വി. സുധീഷ് കൊല്ലപ്പെടുന്നത്.
കാലുകള്‍ നഷ്ടമായതോടെ, ആദ്യം വീല്‍ചെയറിലും പിന്നീട് കൃത്രിമക്കാലുകളിലുമായി സദാനന്ദന്‍ പൊതുരംഗത്ത് സജീവമായി. 2016ലും 2021ലും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചു. രണ്ട് തവണയും പരാജയപ്പെട്ടു. 2016ല്‍ സിപിഐഎമ്മിലെ കെ.കെ. ശൈലജയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിനായി ജെഡിയുവിന്റെ കെ.പി. മോഹനനും മത്സരിച്ചു. അന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദി, 'അക്രമ രാഷ്ട്രീയത്തിന്റെ ഇരകളുടെ പ്രതീകം' എന്നാണ് സദാനന്ദനെ വിശേഷിപ്പിച്ചത്. താരപ്രചാരണത്തോടെ തെരഞ്ഞെടുപ്പിന്റെ വീറും വാശിയുമൊക്കെ വര്‍ധിച്ചെങ്കിലും, ഫലം വന്നപ്പോള്‍ ഇടതുപക്ഷത്തിന്റെ ശൈലജയ്ക്കായിരുന്നു ജയം. മോഹനന്‍ രണ്ടാമതും, സദാനന്ദന്‍ മൂന്നാമതുമെത്തി. ശൈലജ ജയിച്ച് ആരോഗ്യ മന്ത്രിയുമായി. രാഷ്ട്രീയരംഗത്ത് തുടര്‍ന്ന സദാനന്ദന്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി തുടരുന്നതിനിടെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.
പാര്‍ട്ടി തന്ന അംഗീകാരം എന്നാണ് രാജ്യസഭാ നാമനിര്‍ദേശത്തോടുള്ള സദാനന്ദന്റെ ആദ്യ പ്രതികരണം. "കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്ക് എത്തിക്കുക എന്നു പറഞ്ഞാല്‍, കേരളം എന്ന സംസ്ഥാനത്തോടും ജനങ്ങളോടുമുള്ള പാര്‍ട്ടിയുടെ കരുതല്‍ തന്നെയാണ്. പ്രതിസന്ധികള്‍ നേരിട്ടും പ്രവര്‍ത്തനസജ്ജരായ പാർട്ടി പ്രവർത്തകർക്കുള്ള അംഗീകാരം കൂടിയാണിത്. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തം അംഗീകാരമായി കരുതുന്നു" എന്നും സദാനന്ദൻ പറഞ്ഞു. അധ്യാപികയായ വനിതാ റാണിയാണ് ഭാര്യ. മകള്‍ യമുന ഭാരതി ബി.ടെക് വിദ്യാര്‍ഥിയാണ്.
പാര്‍ട്ടിക്കുവേണ്ടി കാലങ്ങളായി പ്രവര്‍ത്തിക്കുന്നവരെ ഒഴിവാക്കി, പുതുതായി എത്തുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നുവെന്ന ആക്ഷേപം ബിജെപിയില്‍ രൂക്ഷമാണ്. പുതിയ സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നതിനു പിന്നാലെയും ആക്ഷേപം ഉയര്‍ന്നുകേട്ടു. അമിത് ഷാ പങ്കെടുത്ത ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിന്റെ പങ്കാളിത്തത്തിലും ഇത് പ്രകടമായിരുന്നു. തൊട്ടുപിന്നാലെയാണ് സദാനന്ദന്റെ രാജ്യസഭാംഗത്വ നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രവര്‍ത്തകരെ തണുപ്പിക്കാനും, സിപിഐഎമ്മിന്റെ അക്രമരാഷ്ട്രീയം എന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുകയുമാകും ബിജെപി ലക്ഷ്യം.