തിരുവനന്തപുരം: സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തിനായി നീക്കം സജീവമാക്കി എംപിമാരും മുതിർന്ന നേതാക്കളും. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹ്‍നാൻ, ആൻ്റോ ആൻ്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴക്കൻ, വി.എസ്. ശിവകുമാർ ഉൾപ്പെടെ അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുണ്ട്. കെപിസിസി, ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കാൻ നിരീക്ഷകർ എത്തും.
അതേസമയം കെപിസിസി അധ്യക്ഷ പദവിയെച്ചൊല്ലി കോൺഗ്രസിൽ ഫ്ലക്സ് യുദ്ധം തുടരുകയാണ്. കോഴിക്കോടും തൃശൂരിലും കോട്ടയത്തും സണ്ണി ജോസഫിന് എതിരെ ഫ്ലെക്സ് ഉയർന്നു. സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്നും കോൺഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയെന്നും ഫ്ലെക്സിൽ പറയുന്നു. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി എംപിയും എംഎൽഎമാരും മണ്ഡലം നോക്കട്ടെയെന്നും ഫ്ലക്സിൽ പറയുന്നുണ്ട്.
കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. അതിൽ സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനം ഒഴിയണമെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡൻ്റിനെയാണ്. എംപിമാരും എംഎൽഎമാരും മണ്ഡലത്തിൽ ശ്രദ്ധിക്കട്ടെ. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി മതിയെന്നും ഫ്ലക്സിൽ പറയുന്നുണ്ട്. എന്നാൽ, സണ്ണി ജോസഫിനെ മാറ്റുന്നത് സംബന്ധിച്ച് ഇതുവരെയും ഹൈക്കമാൻഡ് തീരുമാനമൊന്നും എടുത്തിട്ടില്ല.