

എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ വീണ്ടും തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. അന്വേഷണം മുന്നോട്ട് നീങ്ങുന്നത് ശരിയായ രീതിയിലും ചിട്ടയോടെയും എന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം പൂർത്തിയാക്കാൻ മെയ് 18വരെ കോടതി സമയം നീട്ടി നൽകി.
സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭ്യമാകുമെന്ന് ജംഷേദ്പൂർ മെറ്റലര്‍ജിക്കല്‍ ലാബ് വ്യക്തമാക്കിയെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. അയല്‍ സംസ്ഥാനങ്ങളിലെ അന്വേഷണം പൂര്‍ത്തിയാക്കിയതായും എസ്‌ഐടി അറിയിച്ചു.
അതേസമയം, ശബരിമല കൊടിമര പുനപ്രതിഷ്ഠയ്ക്കായി ലഭിച്ചത് ആകെ 412.01 ഗ്രാം സ്വര്‍ണമെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. ദേവസ്വം രേഖകളില്‍ നിന്ന് ഇക്കാര്യം വ്യക്തമായി. സംഭാവന നല്‍കിയവരോട് ചോദിച്ചപ്പോള്‍ ലഭിച്ചെന്ന് വ്യക്തമായത് 300 ഗ്രാം സ്വര്‍ണമാണ്. കൊടിമരം സ്ഥാപിച്ചതില്‍ ക്രമക്കേടോ വിശ്വാസ വഞ്ചനയോ ഇല്ലെന്നും വിജിലൻസ് വ്യക്തമാക്കി. വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് അംഗീകരിച്ചു. കൊടിമര പുനഃപ്രതിഷ്ഠയിലെ അന്വേഷണ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു.