കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതി എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി. ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്വം ആണെന്നതായിരുന്നു കോടതിയിൽ പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ പത്മകുമാറിന് സ്വർണക്കവർച്ചയിൽ നിർണായക പങ്കുണ്ട് എന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതോടെ ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്റെ നീക്കം.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചു. ജാമ്യ ഹർജി ഈ മാസം 18 ന് പരിഗണിക്കും.
ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച വെളിപ്പെടുത്തലിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴി നൽകും. പ്രത്യേക അന്വേഷണ സംഘത്തിന് ഇന്ന് മൊഴി നൽകും. സ്വർണക്കൊള്ളയും പുരാവസ്തു റാക്കറ്റും തമ്മിലുള്ള ബന്ധത്തിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ഒരാളുണ്ടെന്ന് കാട്ടിയാണ് ചെന്നിത്തല കത്ത് നൽകിയത്. വൈകിട്ട് മൂന്ന് മണിക്കാണ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകുക.