എറണാകുളം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിൽ അരങ്ങേറിയത് വിശാല ഗൂഢാലോചനയെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍. മറ്റ് സ്വര്‍ണപ്പാളികളിലെ സ്വര്‍ണവും തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കി. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയുടെ പരമ്പരയെന്നും എസ്ഐടി കോടതിയെ അറിയിച്ചു.
ഉണ്ണികൃഷ്ണന്‍ പോറ്റിയും നാഗ ഗോവര്‍ദ്ധനും പങ്കജ് ഭണ്ഡാരിയും ക്രിമിനല്‍ ഗൂഢാലോചന നടത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വാറൻ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും എസ്ഐടി വ്യക്തമാക്കി. നാഗ ഗോവര്‍ദ്ധൻ്റെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് എസ്‌ഐടി വിശദീകരണം. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയുടെ പരമ്പരയെന്നും എസ്ഐടി കോടതിയെ അറിയിച്ചു.
പ്രതികള്‍ ബെംഗളൂരുവില്‍ കൂടിക്കാഴ്ച നടത്തിയെന്നും എസ്‌ഐടി കണ്ടെത്തി. സ്വര്‍ണക്കവര്‍ച്ച വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ കഴിഞ്ഞ ഒക്ടോബറിലാണ് കൂടിക്കാഴ്ച നടത്തിയത്. അന്വേഷണത്തിലൂടെ ഇക്കാര്യം വ്യക്തമായി എന്നും എസ്‌ഐടി അറിയിച്ചു. 2019ലെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ച കുറ്റകൃത്യം മറയ്ക്കാനായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായി സിഡിആര്‍ പരിശോധനയില്‍ വ്യക്തമായതായും എസ്ഐടി അറിയിച്ചു.