

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്യാൻ എസ്ഐടി. 2025ലെ ദ്വാരപാലക പാളി കൈമാറ്റത്തിൽ കേസെടുക്കും. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവർ കേസിൽ പ്രതികളാകും. ഈ മാസം 29ന് മുൻപ് കേസെടുത്ത് റിപ്പോർട്ട് നൽകാനാണ് എസ്ഐടിയുടെ നീക്കം.2025ലെ ദ്വാരപാലക പാളി കൈമാറ്റത്തിൽ ഗൂഢാലോചന നടന്നു എന്നും പാളികൾ കൈമാറിയതിൽ ദുരൂഹത ഉണ്ടെന്നുമാണ് എസ്ഐടിയുടെ നിഗമനം.
കേസെടുത്താൽ ഭരണസമിതിയിലെ മൂന്നംഗങ്ങൾ അടക്കം പ്രതിപ്പട്ടികയിൽ ഉൾപ്പെടും. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ, അജികുമാർ, സന്തോഷ്, കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരും പ്രതികളാകും.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങൾക്ക് പൂർണ സഹകരണം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ പറഞ്ഞു. കൊള്ള എവിടെ നടന്നാലും അന്വേഷിക്കണം. ഈ വർഷം മുതൽ ശബരിമലയിൽ ഡിജിറ്റലൈസേഷൻ പൂർണ തോതിൽ നടപ്പിലാക്കാൻ ശ്രമിക്കും. എല്ലാ ഇടപാടുകളും ഡിജിറ്റലായി മാത്രം നടത്തുമെന്നും ജയകുമാർ അറിയിച്ചു. ബജറ്റ് നിർദേശങ്ങളെ സ്വാഗതം ചെയുന്നു എന്നും സാമ്പത്തിക സഹായത്തെക്കാൾ സാങ്കേതിക സഹായമാണ് വേണ്ടത് എന്നും ജയകുമാർ വ്യക്തമാക്കി.