

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തിയുള്ള ഭരണ-പ്രതിപക്ഷ ബഹളത്തില്‍ പ്രക്ഷുബ്ധമായി നിയമസഭ. പോറ്റിപ്പാട്ടും ശരണം വിളികളുമായി പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കെ. ബാബുവാണ് ശബരിമല വിഷയം സഭയില്‍ ഇന്ന് ഉന്നയിച്ചത്.
ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വാക്‌പോരും തുടങ്ങി. പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തില്‍ കെ. ബാബുവാണ് വിഷയം ഉന്നയിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പോറ്റി അടക്കമുള്ള പ്രതികളെല്ലാം ജയിലിന് പുറത്ത് സ്വൈര്യ വിഹാരം നടത്തുന്നുവെന്ന് പറഞ്ഞു തുടങ്ങിയ കെ. ബാബു തന്ത്രിയെ അനാവശ്യമായാണ് ജയിലില്‍ അടച്ചതെന്നും പറഞ്ഞു.
അയ്യപ്പസംഗമം നടത്തിയതു വഴി വലിയ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നും കെ. ബാബു ആരോപിച്ചു. വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നായിരുന്നു വിമര്‍ശനം.
ബാബുവിന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി പി. രാജീവ് എഴുന്നേറ്റു നിന്നു. പ്രതിപക്ഷ വിമര്‍ശനം ഹൈക്കോടതിക്ക് എതിരാണെന്ന് രാജീവ് ആരോപിച്ചു. ഒരു കുറ്റവും ചെയ്യാത്ത ആളെന്ന മട്ടിലാണ് പ്രതിപക്ഷം തന്ത്രിയെ അവതരിപ്പിക്കുന്നത്. ഒരാള്‍ പ്രതിയാണെന്നോ അല്ലെന്നോ ഉള്ള അഭിപ്രായം സര്‍ക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.
തന്ത്രിക്ക് എന്താണ് ഇത്ര വിശേഷം എന്ന് മന്ത്രി എം.ബി രാജേഷ് ചോദിച്ചു. മറ്റ് പ്രതികള്‍ക്കുള്ള പരിഗണനയേ തന്ത്രിക്കും ഉള്ളൂവെന്നും വ്യക്തമാക്കി. തന്ത്രിക്കു വേണ്ടി ബിജെപിയും കോണ്‍ഗ്രസും വക്കാലത്ത് എടുത്തിരിക്കുകയാണെന്നും രാജേഷ് വിമര്‍ശിച്ചു.
അതേസമയം തുടര്‍ച്ചയായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ബില്ലുകള്‍ പാസാക്കി സഭ നാളെ പിരിയാന്‍ തീരുമാനിച്ചു.
മന്ത്രി വി.എന്‍. വാസവന്റെ രാജിയാവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്തുന്നുണ്ടെന്നും അവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രതിഷേധം സഭയ്ക്ക് അകത്തുണ്ടാകുമെന്നും ബാബു പറഞ്ഞു. സഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്നും കെ. ബാബു വ്യക്തമാക്കി.