
ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ ഒളിയമ്പുമായി എ. പദ്മകുമാര്‍. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് എത്തുന്നത് ജലഹള്ളി ശാസ്താ ക്ഷേത്രത്തില്‍ നിന്നാണെന്നും അവിടെ ആരായിരുന്നു തന്ത്രി എന്നത് അന്വേഷിക്കണമെന്നുമായിരുന്നു എ. പദ്മകുമാര്‍ പറഞ്ഞത്. എല്ലാ കാര്യങ്ങളും പുറത്തു വരട്ടെയെന്നുമാണ് പദ്മകുമാര്‍ പറഞ്ഞത്.
ശബരിമലയില്‍ തന്ത്രിയായി എത്തുന്നതിന് മുമ്പ് വരെ 15 വര്‍ഷത്തോളമായി ജലഹള്ളി ശാസ്താക്ഷേത്രത്തിലെ തന്ത്രി കണ്ഠരര് രാജീവരാണ്. പോറ്റിയെ എത്തിച്ചത് കണ്ഠരര് രാജീവരാണെന്നും പദ്മകുമാര്‍ സൂചിപ്പിച്ചിരുന്നു. അതേസമയം കണ്ഠരര് രാജീവരുടെ പേരെടുത്ത് പറഞ്ഞിരുന്നില്ല.
2007 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് ശബരിമലയില്‍ എത്തുന്നത്. അതിന് മുമ്പ് ജലഹള്ളി അയ്യപ്പ ക്ഷേത്രത്തിലായിരുന്നു. അവിടെ നിന്നാണ് ശബരിമലയിലേക്ക് വരുന്നത്. അന്ന് ജലഹള്ളിയില്‍ അവിടെ ആരായിരുന്നു തന്ത്രി എന്നത് അന്വേഷിക്കണം. എല്ലാ കാര്യങ്ങളും പുറത്തുവരട്ടെ എന്നുമായിരുന്നു എ പദ്മകുമാര്‍ പറഞ്ഞത്.
ശബരിമലയില്‍ ഉണ്ടായ മുഴുവന്‍ കാര്യങ്ങളുടെയും ഉത്തരവാദിത്തം 2019ലെ ഭരണസമിതിയ്ക്ക് ആണോ? ഈ അവതാരങ്ങളെയെല്ലാം ശബരിമലയില്‍ എത്തിച്ചത് ഭരണസമിതിയാണോ? ഇന്നല്ലെങ്കില്‍ നാളെ സത്യം തെളിയും. അപ്പോള്‍ മറുപടി പറയേണ്ടവര്‍ മറുപടി പറയേണ്ടി വരിക തന്നെ ചെയ്യുമെന്നും പദ്മകുമാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നും കണ്ടിട്ടുണ്ടെന്നുമല്ലാതെ മറ്റു പശ്ചാത്തലങ്ങള്‍ ഒന്നും അറിയില്ലെന്നായിരുന്നു നേരത്തെ കണ്ഠരര് രാജീവര് പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെയാണ് പദ്മകുമാര്‍ കണ്ഠരര് രാജീവരിലേക്ക് കൂടി വിമര്‍ശനമെത്തുന്നത്.