പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി വിവാദത്തിൽ എസ്ഐടി അന്വേഷണം തുടങ്ങി. പ്രത്യേക അന്വേഷണസംഘം അനൗദ്യോഗിക നടപടികൾ തുടങ്ങി. ദേവസ്വം ആസ്ഥാനത്തെത്തി ഫയലുകൾ പരിശോധിച്ചു. സിഐമാരായ ബിജു രാധാകൃഷ്ണനും അനീഷുമാണ് എത്തിയത്. പ്രത്യേക അന്വേഷണ സംഘം വിജിലൻസിൻ്റെ ഇടക്കാല റിപ്പോർട്ടും രേഖകളും കൈപ്പറ്റി.
അതേസമയം, ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ ആണ് കോടതിയെ സമീപിക്കുന്നത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം എന്നാണ് ആവശ്യം.
ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം മോഷ്ടിച്ചതില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ മുരാരി ബാബുവിന്റെ രണ്ട് പ്രധാന വാദങ്ങളും തള്ളുകയാണ് അന്നത്തെ തന്ത്രി കണ്ഠരര് രാജീവര്. 2019ല്‍ അറ്റകുറ്റപ്പണി നടത്താന്‍ അനുമതി കൊടുത്തു എന്നത് ശരിയാണ്. പക്ഷെ മുരാരി ബാബു ഇങ്ങോട്ട് രേഖാമൂലം ആവശ്യപ്പെട്ട പ്രകാരമാണ് അനുമതി കൊടുത്തത്. അതും ചെന്നൈയിലേക്ക് കൊണ്ടു പോകാന്‍ പറഞ്ഞിട്ടില്ല. ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് എന്ന മുരാരിയുടെ വാദവും തെറ്റാണ്. ശില്‍പ്പപാളികള്‍ സ്വര്‍ണം പൂശിയത് തന്നെയാണെന്നും കണ്ഠരര് രാജീവര് വ്യക്തമാക്കി.