ഭക്തർക്ക് ദർശന പുണ്യമേകി സ്വർണ വിഭൂഷിതനായി അയ്യപ്പൻ. മണ്ഡല പൂജയ്ക്കായുള്ള തങ്ക അങ്കി സന്നിധാനത്ത് എത്തിച്ചു. ആയിരക്കണക്കിന് തീർഥാടകരാണ് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന തൊഴുതു മടങ്ങിയത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് 23 ന് തിരിച്ച തങ്കയങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെയാണ് പമ്പയിലെത്തിയത്.
ക്ഷേത്രം തന്ത്രി നിയോഗിച്ച ഉദ്യോഗസ്ഥ സംഘം ശരംകുത്തിയിലെത്തി ആചാരപൂർവ്വം ഘോഷയാത്രയെ സ്വീകരിച്ചു. കർപ്പൂരാഴിയും വാദ്യമേളങ്ങളും അകമ്പടിയാക്കി തങ്ക അങ്കി പതിനെട്ടാംപടി കടന്ന് കൊടിമരച്ചുവട്ടിലേക്ക്.ശരണം വിളികളോടെ ഭക്തരും അനുഗമിച്ചു. കൊടിമരച്ചുവട്ടിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നേതൃത്വത്തിൽ തങ്ക അങ്കി പേടകം സ്വീകരിച്ചു.
തുടർന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിലെത്തിച്ചു. ശേഷം തങ്കയങ്കി വിദൂഷിതനായ അയ്യപ്പന് ദീപാരാധന. നാളെ രാവിലെ 10.10 നും 11.30 നും മധ്യേയാണ് മണ്ഡല പൂജ. നാളത്തെ വിശേഷാൽ പൂജകൾക്ക് ശേഷം രാത്രി ഹരിവരാസനം പാടി നടയടക്കും. മകരവിളക്ക് മഹോത്സവങ്ങൾക്കായി മുപ്പതാം തീയതിയാണ് ക്ഷേത്രം തുറക്കുക.