
തിരുവനന്തപുരം: സിനിമാ കോൺക്ലേവിന്റെ ഭാഗമായി രൂപപ്പെടുന്ന റിപ്പോർട്ടിന്മേൽ പൊതുജനാഭിപ്രായം കൂടി സ്വീകരിച്ച ശേഷമായിരിക്കും സിനിമ നയത്തിന് അന്തിമ രൂപം നൽകുകയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രണ്ട് മാസത്തിനുള്ളിൽ ചർച്ചകൾ പൂർത്തിയാക്കി സിനിമാ നയ രൂപീകരണ ബിൽ നിയമസഭയിൽ അവതരിപ്പിക്കും എന്നും മന്ത്രി ന്യൂസ് മലയാളത്തോട് അറിയിച്ചു.
നിലവിലെ സിനിമ നിർമാണ പ്രക്രിയയിൽ അനാവശ്യ ഇടപെടലല്ല നയ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സാംസ്കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കി. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് കോൺക്ലേവിൻ്റെ ഉദ്ദേശ്യം. സിനിമ നയ രൂപീകരണ ബിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.
ഇന്നും നാളെയുമായി തിരുവനന്തപുരത്താണ് ഫിലിം കോൺക്ലേവ് നടക്കുന്നത്. നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സിനിമാ നയരൂപീകരണം. പിന്നാലെ സർക്കാർ സിനിമാ നയരൂപീകരണത്തിനുള്ള ശ്രമം തുടങ്ങി. ചലച്ചിത്ര വികസന കോർപ്പറേഷന്‍ അധ്യക്ഷന്‍ ഷാജി എൻ. കരുണിനെ നേതൃത്വത്തില്‍ നയരൂപീകരണ സമിതി രൂപീകരിച്ചു. സിനിമാ നയത്തിന്റെ കരട് റിപ്പോർട്ട് തയ്യാറാക്കിയതിന് പിന്നാലെ ആയിരുന്നു ഷാജി എൻ. കരുണിന്റെ നിര്യാണം. ഇന്ന് തുടങ്ങുന്ന സിനിമാ കോൺക്ലേവിൽ ഈ റിപ്പോർട്ട് അവതരിപ്പിക്കും. വിശദമായ ചർച്ചകൾക്ക് ശേഷമാകും നയരൂപീകരണം.
അതേസമയം, അന്തരിച്ച സിനിമാ നടന്‍ കലാഭാവന്‍ നവാസിനോടുള്ള ആദര സൂചകമായി സിനിമാ കോൺക്ലേവിൻ്റെ ഭാഗമായുള്ള കലാപരിപാടികൾ ഒഴിവാക്കി. കോൺക്ലേവിൻ്റെ തുടക്കത്തിൽ അനുശോചന പ്രമേയം അവതരിപ്പിക്കും.