കൊച്ചി: മുസ്ലീം ലീഗിനെതിരായ മന്ത്രി സജി ചെറിയാൻ്റെ വിവാദ പരാമർശത്തിൽ വീണ്ടും വെട്ടിലായിരിക്കുകയാണ് സിപിഐഎം. വിമർശനം കടുത്തതോടെ പ്രസ്താവന വളച്ചൊടിച്ചെന്ന ന്യായീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. താൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. മുസ്ലീം മേഖലയെ ലീഗും, ഹിന്ദു മേഖലയെ ബിജെപിയുമാണ് നയിക്കുന്നത്. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു.
കാസർഗോഡ്, മലപ്പുറം പരാമർശങ്ങളിൽ പറഞ്ഞതിലുറച്ച് നിൽക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ പറയുന്നു. മുസ്ലീം ലീഗ് സ്വാധീനമുള്ള മേഖലയിൽ, മുസ്ലീം സ്ഥാനാർഥികൾ മാത്രം ജയിക്കുന്നു. ബിജെപി സ്വാധീനമുള്ള മേഖലയിൽ ഹിന്ദു സ്ഥാനാർഥികൾ മാത്രം ജയിക്കുന്നു. കാസർഗോഡ് നഗരസഭയിലും മലപ്പുറം ജില്ലാപഞ്ചായത്തിലും ജയിച്ചവരുടെ പേരുകൾ പരിശോധിച്ചാൽ ഇത് മനസിലാകും. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ശക്തിപ്പെടുകയാണ്. ഇത് അപകടകരമായ സാഹചര്യമാണ് എന്നാണ് സൂചിപ്പിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു.
"മതേതരത്വം പറഞ്ഞ് ഞങ്ങൾക്ക് ഒരു സീറ്റാണ് കിട്ടിയത്, കോൺഗ്രസിന് രണ്ട് സീറ്റും. എന്നാൽ വർഗീയത പറഞ്ഞ ബിജെപിക്ക് 12 സീറ്റ് കിട്ടി. ലീഗിൽ നിന്ന് 22 പേർ ജയിച്ചിട്ടുണ്ട്. അവരുടെ പേരുകൾ വായിക്കാൻ മാത്രമേ ഞാൻ പറഞ്ഞുള്ളൂ. ഈ അവസ്ഥ കേരളത്തിൽ മറ്റൊരിടത്തും വരരുത് എന്നേ ഞാൻ ആഗ്രഹിച്ചുള്ളൂ. കേരളത്തിൽ എല്ലാ വിഷയത്തിലും ന്യൂനപക്ഷത്തോടൊപ്പമാണ് മുഖ്യമന്ത്രി നിന്നത്. കേരളത്തിലെ മുഖ്യമന്ത്രിയെപ്പോയൊരു മതേതരവാദി ഇന്ത്യയിലുണ്ടോ ? കേരളത്തിൽ ഇടതുപക്ഷത്തിന്റെ കാലത്ത് ഒരിക്കൽ പോലും വർഗീയ കലാപം നടന്നിട്ടില്ല," സജി ചെറിയാൻ പറഞ്ഞു.
എന്നാൽ മുസ്ലീം ലീഗ് ജയിച്ചത് വർഗീയ ശക്തികളുടെ വോട്ട് കൊണ്ടാണോയെന്ന ചോദ്യത്തോട് ക്ഷുഭിതനായാണ് മന്ത്രി പ്രതികരിച്ചത്. എന്നാൽ സജി ചെറിയാൻ്റെ വിവാദ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി നൽകിയില്ല.
അതേസമയം സജി ചെറിയാൻ്റെ പരമാർശത്തിൽ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്. മന്ത്രിയുടെ പ്രസ്താവന മതവിശ്വാസികൾക്കിടയിൽ സംഘർഷത്തിന് ഇടയാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമമാണെന്ന് പരാതിയിൽ പറയുന്നു.