ആലപ്പുഴ: സിപിഐഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ച് ജി. സുധാകരൻ്റെ വിമർശനങ്ങളിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. സുധാകരനെതിരെ സിപിഐഎം സ്വീകരിക്കുന്നത് രാഷ്ട്രീയ നിലപാടാണ്. അത് ജനങ്ങളോട് പറയും. സുധാകരന് വ്യക്തിപരമായി മറുപടി പറയാനില്ലെന്നും സുധാകരനോട് മരണംവരെ വ്യക്തിപരമായ സ്നേഹം ഉണ്ടാവും എന്നും സജി ചെറിയാൻ പറഞ്ഞു.
ജി. സുധാകരൻ പാർട്ടിയെ ചതിച്ചു എന്ന് തന്നെ പറയും. ചതി എന്ന് സുധാകരന് തോന്നുന്നില്ലെങ്കിൽ അത് രാഷ്ട്രീയ അധഃപതനം. തന്നെ അവഗണിച്ചു എന്ന പേരിൽ സുധാകരൻ ഒരു കത്ത് പോലും തന്നിട്ടുണ്ടോയെന്നും സജി ചെറിയാൻ ചോദിച്ചു. രാഷ്ട്രീയ വഞ്ചന കാണിച്ചാൽ പാർട്ടി ഒന്നിച്ച് നേരിടും. ജില്ലയിലെ പാർട്ടി ഒരുപാട് പ്രയാസങ്ങൾ നേരിട്ടുണ്ട്.ഇതും പാർട്ടി ഒരുമിച്ച് നേരിടുമെന്ന് മന്ത്രി പറഞ്ഞു. അമ്പലപ്പുഴയിൽ എൽഡിഎഫ് /യുഡിഎഫ് മത്സരമാണെന്നും മന്ത്രി വ്യക്തമാക്കി.
ജി. സുധാകരൻ ഉയർത്തിയ വെല്ലുവിളി മറികടക്കാൻ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്താനാണ് സിപിഐഎം തീരുമാനം. സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ജനറൽബോഡി യോഗങ്ങളും സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി അടക്കം പങ്കെടുക്കുന്ന പൊതുയോഗങ്ങളും സംഘടിപ്പിക്കും. സുധാകരൻ പാർട്ടിയെ ചതിച്ചു എന്നത് ജനങ്ങളോട് വിശദീകരിക്കാനും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.