നാഷണൽ ഹെൽത്ത് മിഷൻ
KERALA
മാസം കഴിയാറായിട്ടും ശമ്പളമില്ല; സംസ്ഥാനത്ത് നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാരുടെ ശമ്പളം മുടങ്ങി
ഏകദേശം 40,000ത്തോളം ജീവനക്കാരാണ് കേരളത്തിൽ എൻഎച്ച്എമ്മിൽ പ്രവർത്തിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാരുടെ ശമ്പളം മുടങ്ങി. 22ാം തിയതി ആയിട്ടും ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച സ്പർശ് സംവിധാനം വഴിയാണ് ജീവനക്കാർക്ക് ശമ്പള വിതരണം നടത്തേണ്ടത്. സ്‌പർശിൽ ഇട്ട പണം നിരസിക്കപ്പെട്ടു എന്നാണ് എൻഎച്ച്എമ്മിൻ്റെ വിശദീകരണം. എന്നാൽ പണം നൽകാൻ, എൻഎച്ച്എം വൈകിയതാണ് പ്രശ്നമായതെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കി.
ഏകദേശം 40,000ത്തോളം ജീവനക്കാരാണ് കേരളത്തിൽ എൻഎച്ച്എമ്മിൽ പ്രവർത്തിക്കുന്നത്. മാസം അവസാനിക്കാറായിട്ടും ശമ്പളം ലഭിക്കാതെ വന്നതോടെ ഇവരെല്ലാം ദുരിതത്തിലായി. എന്തായാലും പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
