കാസർഗോഡ്: സമസ്ത നൂറാം വാർഷിക സമ്മേളനത്തിന് ഇന്ന് സമാപനമാകും. ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമായ നിലപാടെടുത്താണ് കാസർഗോഡ് നടക്കുന്ന സമ്മേളനം അവസാനിക്കുന്നത്. മൂന്ന് ലക്ഷത്തോളം പേർ പങ്കെടുക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക ഉപമുഖ്യമന്ത്രി എന്നിവർ പങ്കെടുക്കും.
ജമാഅത്തെ ഇസ്ലാമി ഉൾപ്പടെയുള്ള സംഘടനകൾക്കെതിരെ ശക്തമായ നിലപാടെടുത്താണ് അഞ്ച് നാൾ നീണ്ടുനിന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിന് സമാപനമാകുന്നത്. ഈജിപ്ത് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. സലാമ ജുമുഅ ദാവൂദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത സെൻ്റിനറി അവാര്‍ഡ് ലുലു ഇൻ്റർനാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്ക് സമ്മാനിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, പുതുച്ചേരി പ്രതിപക്ഷ നേതാവ് ആര്‍. ശിവ, പുതുച്ചേരി എം.പി വി. വൈദ്യലിംഗം തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിനകത്തും നിന്നും പുറത്തും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള 33,000 ത്തിൽ അധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സമാപന സമ്മേളനത്തിൽ 3 ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.