"വോട്ട് ചെയ്താൽ ഇസ്ലാമിന് പുറത്ത് പോകുമെന്ന് പറഞ്ഞവർ പാർട്ടി രൂപീകരിച്ച് മത്സരിക്കുന്നത് ഗുരുതരമായി കാണണം"; ജമാഅത്തെ ഇസ്ലാമിയെ വീണ്ടും കടന്നാക്രമിച്ച് സമസ്ത

ജമാഅത്തെ ഇസ്ലാമി അത്ര ശുദ്ധമല്ലെന്ന് സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്
ഹമീദ് ഫൈസി അമ്പലക്കടവ്
ഹമീദ് ഫൈസി അമ്പലക്കടവ്Source: FB/ Abdul Hameed Faizy Ambalakadavu
Published on
Updated on

പാലക്കാട്: മുസ്ലീം ലീഗ് - വെൽഫെയർ ധാരണ പരസ്യമായിരിക്കെ ജമാഅത്തെ ഇസ്ലാമിയെ വീണ്ടും കടന്നാക്രമിച്ച് സമസ്ത. ജമാഅത്തെ ഇസ്ലാമി അത്ര ശുദ്ധമല്ലെന്നും, രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് മത്സരിക്കുന്നത് ഗുരുതരമായി കാണണമെന്നും സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് ആഞ്ഞടിച്ചു. സുന്നികളുടെ മഹല്ലിൽ ജമാഅത്തെക്കാർ കയറിയാൽ അവർ ആ മഹല്ല് സ്വന്തമാക്കുമെന്നും ഫേസ്ബുക്കിൽ വിമർശനം. ഇന്നലെ ഉമർ ഫൈസി മുക്കവും നിശിത വിമർശനം ഉന്നയിച്ചിരുന്നു.

ഹമീദ് ഫൈസി അമ്പലക്കടവ്
"ആനന്ദ് തമ്പി സജീവ ആർഎസ്എസ് പ്രവർത്തകൻ"; ബിജെപി നേതൃത്വത്തെ തള്ളി ആർഎസ്എസ് നേതാക്കളുടെ മൊഴി

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ജമാഅത്തെ ഇസ്ലാമി അത്ര ശുദ്ധമല്ല

ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയോട് സഹകരിക്കുകയോ വോട്ട് രേഖപ്പെടുത്തുകയോ ചെയ്താൽ ഇസ്ലാമിക വൃത്തത്തിൽ നിന്ന് പുറത്തു പോവുകയും ബഹുദൈവ വിശ്വാസിയായിത്തീരുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമി അതേ ഭരണ വ്യവസ്ഥിതിയിൽ പങ്കാളികളാവാൻ വേണ്ടി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് മാറിമാറി വ്യത്യസ്ത മുന്നണികളിലായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഗുരുതരമായി കാണേണ്ടിയിരിക്കുന്നു. ജമാഅത്ത് ഒരു കേഡർ പാർട്ടിയാണ്. ലക്ഷ്യ സാക്ഷാത്കാരത്തിന് ഏതു വഴിയും അവർ സ്വീകരിക്കും. സുന്നികൾ ഭൂരിപക്ഷമുള്ള ഒരു മഹല്ലിൽ അവർ തെരഞ്ഞെടുക്കപ്പെട്ടാൽ, പിന്നീട് സക്കാത്തും റിലീഫും ക്ലാസുകളും ആയി ആ മഹല്ലും വാർഡും അവര് സ്വന്തമാക്കും. അനുഭവമാണ് തെളിവ്.

ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി കഴിഞ്ഞ ഏപ്രിലിൽ നടത്തിയ എയർപോർട്ട് മാർച്ച് വിവാദമായത് മറക്കാൻ ആയിട്ടില്ല. മുസ്ലിം ബ്രദർഹുഡ് നേതാക്കളുടെ ചിത്രമാണ് മാർച്ചിൽ അവർ ഉയർത്തിക്കാട്ടിയത്. മുസ്ലിം ബ്രദർഹുഡും ജമാഅത്തെ ഇസ്ലാമിയും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണ്.

സമസ്തയിലെ പ്രശ്നങ്ങളുടെ പിന്നാമ്പുറം പരിശോധിച്ചാൽ തെളിയുന്ന ചിത്രം ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയുമായി പുതിയ ചില ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതാണെന്ന് കണ്ടെത്താനാകും. മത നവീകരണ വാദികളുമായി അകലം പാലിക്കണമെന്ന സമസ്തയുടെ പ്രഖ്യാപിത നിലപാടിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. ജമാഅത്ത്-ബ്രദർഹുഡ് ആശയങ്ങൾക്ക് മുസ്ലീങ്ങളിൽ സ്വാധീനം ചെലുത്താൻ വഴിയൊരുക്കി കൊടുക്കലായിരിക്കും ഇത് എന്ന കാര്യം ബന്ധപ്പെട്ടവർ ആലോചിക്കേണ്ടിയിരിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com