തൃശൂർ: ശബ്ദരേഖ വിവാദത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശരത് പ്രസാദിനെ ഒഴിവാക്കി. നിലവിലെ ട്രഷറർ കെ.എസ്. റോസൽ രാജാണ് പുതിയ ജില്ലാ സെക്രട്ടറി. ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും ശരത് പ്രസാദിനെ ഒഴിവാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കേരള ഘടകം സെൽ സെക്രട്ടറി കുന്തക്കാരൻ പത്രോസിന്റെ ( കെ.വി പത്രോസ്) കൊച്ചുമകനാണ് റോസൽ രാജ്.
ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റി അംഗം ആർ. രാഹുൽ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർട്ടി ഫ്രാക്ഷൻ യോഗത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ. രാമചന്ദ്രൻ എംഎൽഎ പങ്കെടുത്തു.
സിപിഐഎം നേതാക്കൾക്കെതിരെയുള്ള ശരത് പ്രസാദിൻ്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. സിപിഐഎം നേതാക്കൾ രാഷ്ട്രീയത്തിലൂടെ ധനസമ്പാദനം നടത്തിയവരെന്ന് സമ്മതിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ശരത് പ്രസാദ് ജില്ലാകമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്.
കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ കോടിപതിയാണന്നും എ.സി. മൊയ്തീന്റെ ഡീലിങ്സ് ടോപ്പ് ക്ലാസായി. പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ തലങ്ങളിൽ ചെറിയ തിരിമറികൾ നടക്കും പോലെയല്ല പാർട്ടി നേതാക്കൾ നടത്തുന്നത് വലിയ ഇടപാടുകളാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.