സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കുകയാണ്. ഹൈക്കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പുറത്തുവിട്ടിരിക്കുകയാണ് സർക്കാർ. ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും. വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്കൂൾ മാനേജർ സി.കെ. ഷാജിയുടെ നിയമ പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇത്.
കേരളത്തിൽ ഈ അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകൾ പുതിയ സമയക്രമത്തിലായിരിക്കും. വിശദ വിവരങ്ങളോടെ അക്കാദമിക് കലണ്ടർ പുറത്തുവിട്ടിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. അക്കാദമിക് കലണ്ടർ പ്രകാരം ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ വിദ്യാഭ്യാസ ഗുണനിലവാര സമിതി യോഗത്തിലാണ് തീരുമാനം.
ഇന്ന് സ്കൂൾ തുറക്കുന്നതിനാൽ കോടതിയലക്ഷ്യ നടപടി ഒഴിവാക്കാനാണ് മന്ത്രി വി. ശിവൻകുട്ടി വെള്ളിയാഴ്ച അടിയന്തര യോഗം ചേർന്നത്. പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ ജൂൺ 11നകം പുറത്തിറക്കിയില്ലെങ്കിൽ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പുണ്ടായിരുന്നു. കോടതി ഇടപെടലിലേക്ക് നയിച്ചത് മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർസെക്കന്ററി സ്കൂൾ മാനേജർ സി.കെ. ഷാജിയുടെ രണ്ട് വർഷത്തെ നിയമ പോരാട്ടമാണ്.
കലണ്ടര്‍ പുറത്തിറക്കാന്‍ ഡിവിഷന്‍ ബെഞ്ച് വിദ്യാഭ്യാസവകുപ്പിന് സമയം അനുവദിച്ചെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ വിദ്യാഭ്യാസവകുപ്പ് കലണ്ടര്‍ പുറത്തിറക്കിയിരുന്നില്ല. ഇതിനെതിരെ സി.കെ. ഷാജിയാണ് അഡ്വ. കെ. മോഹനകണ്ണൻ മുഖേന കോടതിയലക്ഷ്യ ഹര്‍ജി സമർപ്പിച്ചത്. അതിലാണിപ്പോൾ തീരുമാനമുണ്ടാകുന്നത്.