പാലക്കാട്: യാക്കരയിൽ പട്ടിക വർഗ വിദ്യാർത്ഥികളുടെ അപേക്ഷകൾ പുഴയരികിൽ തള്ളിയ സംഭവത്തിൽ റിപ്പോർട്ട് തേടി പട്ടിക ജാതി/പട്ടിക വർഗ വകുപ്പ്. മൂന്നുദിവസത്തിനകം കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ മറുപടി നൽകണമെന്ന് വകുപ്പ് അറിയിച്ചു. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
കഴിഞ്ഞ ദിവസമാണ് യാക്കരയിൽ പട്ടികവർഗ വിദ്യാർഥികളുടെ അപേക്ഷകൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അജീഷ് ഭാസ്കരനാണ് പട്ടിക വർഗ വകുപ്പ് നോട്ടീസ് നൽകിയത്. മൂന്നുദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യം.
അതേസമയം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 15 അപേക്ഷകളിൽ 11 അപേക്ഷകർ അർഹരെന്ന് കണ്ടെത്തിയിട്ടുണ്ട്. അർഹമായ അപേക്ഷകൾ പട്ടിക വർഗ ഡയറക്ടറേറ്റിലേക്ക് കൈമാറിയെന്ന് ജില്ലാ പട്ടിക വർഗ ഓഫീസർ അറിയിച്ചു.
വിദ്യാഭ്യാസ ധനസഹായത്തിനായി വിദ്യാർഥികൾ നൽകിയ അപേക്ഷകളാണ് പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളി നിലയിൽ കണ്ടെത്തിയത്. കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നൽകിയ 15 ഓളം അപേക്ഷകളാണ് യാക്കര ഭാഗത്ത് കണ്ടെത്തിയത്.