കോഴിക്കോട്: വടകരയിൽ കൊലവിളി മുദ്രാവാക്യവുമായി എസ്‌ഡിപിഐ പ്രവർത്തകർ. എസ്‌ഡിപിഐയുടെ പതാകകൾ മുസ്ലീം ലീഗ് നശിപ്പിച്ചെന്ന് ആരോപിച്ചാണ് കൊലവിളി മുദ്രാവാക്യം. കയ്യും കാലും വെട്ടുമെന്നും കൊല്ലുമെന്നും എസ്‌ഡിപിഐ ഭീഷണിപ്പെടുത്തി.
കഴിഞ്ഞ ദിവസം മുസ്ലിം ലീഗിൻ്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ എസ്‌ഡിപിഐ പതാകകൾ നശിപ്പിച്ചെന്ന് ആരോപിച്ച് സംഘടിച്ചെത്തിയവരാണ് ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയത്. പതാകയില്‍ തൊട്ടാല്‍ കൈയ്യും കാലും വെട്ടുമെന്നും, കൊല്ലുമെന്നുമായിരുന്നു ഭീഷണി. സംഭവത്തില്‍ ലീഗ് നേതൃത്വം വടകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം കണിയാപുരത്ത് മുസ്ലീം ലീഗ് സ്ഥാനാർഥിയുടെ വിജയം എസ്‌ഡിപിഐ ആഘോഷിച്ചു. കണിയാപുരം ജില്ലാ ഡിവിഷനിലെ മാഹാണി ജസീമിൻ്റെ വിജയമാണ് എസ്‌ഡിപിഐ കേക്ക് മുറിച്ച് ആഘോഷിച്ചത്. കഠിനംകുളം പഞ്ചായത്ത് 5ാം വാർഡിൽ ജയിച്ച എസ്‌ഡിപിഐ സ്ഥാനാർഥി റിയാസ് ഉബൈദിൻ്റെ നേതൃത്വത്തിലായിരുന്നു ആഘോഷം.
ഈ വാർഡില്‍ ലീഗ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും, ജില്ലാ ഡിവിഷനില്‍ മാഹാണി ജസീമിന് ആയിരത്തോളം വോട്ട് ലഭിക്കുകയും ചെയ്തിരുന്നു. എസ്‌ഡിപിഐയുമായി ജസീം ധാരണയുണ്ടാക്കിയെന്നാണ് ആരോപണം. മുസ്ലീംലീഗ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.